nasa-isro

വാഷിംഗ്ടൺ: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ തങ്ങളെ പ്രചോദിപ്പിക്കുന്നതാണ് എന്നാണ് ഐ.എസ്.ആർ.ഒയുടെ ട്വീറ്റിനു മറുപടിയായി നാസ കുറിച്ചത്. ‌ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട് ലക്ഷ്യം പൂർണമായി നേടാനാവാതെവന്ന സാഹചര്യത്തിലാണ് നാസയുടെ പ്രതികരണം.

'ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണ വാഹനമിറക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികൾ നമുക്ക് ഒരുമിച്ച് യാഥാർഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു'-നാസയുടെ ട്വി‌‌റ്റ‌‌റിൽ വ്യക്തമാക്കുന്നു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിരവധി തവണ പരാജയം നേരിടേണ്ടിവന്നവരാണ് നാസ.

അതേസമയം, ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. ഈ ശ്രമം 14 ദിവസം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡർ വിച്ഛേദനത്തിന്റെ ആദ്യഘട്ടം വിജയകരമായ രീതിയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അവസാന ഘട്ടത്തിലാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി.