ന്യൂഡൽഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള 'ഗഗൻയാൻ' ദൗത്യത്തെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ സംഭവിച്ച നേരിയ തിരിച്ചടി ഒരു തരത്തിലും ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ. 2022ലാണ് ഗഗൻയാൻ പദ്ധതി പ്രാവർത്തികമാക്കുക. ചന്ദ്രയാൻ ദൗത്യത്തിനും ഗഗൻയാനിനും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളും പ്രവർത്തനങ്ങളുമാണ് ഉള്ളതെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി. ചന്ദ്രയാനിൽ നിന്നും വ്യത്യസ്തമായി മനുഷ്യരെ ബഹിരാകാശത്ത് ഇറക്കാനും അവരെ സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് 'ഗഗൻയാൻ' പദ്ധതി. ബഹിരാകാശ ഏജൻസി പറഞ്ഞു.
'ഇത്(ഗഗൻയാൻ ദൗത്യം) സംബന്ധിച്ച് യാതൊരു കുഴപ്പവും ഉണ്ടാകില്ല. തിരിച്ചടി യാതൊരു വിധത്തിലും ബാധിക്കില്ല. സാറ്റലൈറ്റ് ദൗത്യങ്ങളും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും യാതൊരു കുഴപ്പവും ഇല്ലാതെ തന്നെ മുന്നോട്ട് പോകും. ഒരു ദൗത്യവും ഓരോ തരത്തിലുള്ളതാണ്.' ബംഗളുരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെ എർത്ത് ഒബ്സർവേഷൻസ് ആപ്പ്ളിക്കേഷൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാം ഓഫീസിലെ ഡയറക്ടർ പി.ജി.ദിവാകർ പറയുന്നു.
ചന്ദ്രയാൻ 2 ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയകരമെന്ന് വ്യക്തമാക്കി ഐ.എസ്.ആർ.ഒ ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലം വയ്ക്കുന്ന ചന്ദ്രയാൻ 2 ഓർബിറ്റർ പൂർണ തോതിൽ പ്രവർത്തന ക്ഷമമാണെന്നും ഏഴുവർഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആർ.ഒ അധികൃതർ അറിയിച്ചിരുന്നു. നേരത്തെ പദ്ധതിയിട്ടതിൽ നിന്ന് ആറുവർഷം കൂടുതലാണിത്. നേരത്തെ ഒരു വർഷം ഭ്രമണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ദൗത്യം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു.