-banned-

ചണ്ഡീഗഢ്: ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച് വാൽമീകി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ച് പഞ്ചാബിൽ പുതിയ രാമായണ സീരിയൽ നിരോധിച്ചു. സീരിയൽ സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് വാത്‌മീകി സമുദായത്തിന്റെ പ്രക്ഷോഭവും ഇവിടെ നടന്നിരുന്നു. തുടർന്നാണ് സീരിയൽ നിരോധിക്കണമെന്ന തീരുമാനമെടുത്തത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സീരിയൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിരോധിക്കുകയായിരുന്നു.

സീരിയൽ സംപ്രേഷണം നിറുത്തിവയ്‌ക്കാൻ അദ്ദേഹം ഉത്തരവിട്ടു. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അമരീന്ദർ പറഞ്ഞു. അതേസമയം, സംവിധായകനെയും നിർമാതാവിനെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം തുടരുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സെൻസർ ബോർഡിൽ മതനേതാക്കളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

സീരിയലിനെതിരെ ശനിയാഴ്ച പഞ്ചാബിൽ 24 മണിക്കൂർ ബന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിൽ അക്രമങ്ങളുണ്ടായി. ജലന്തറിൽ ഒരാൾക്ക് വെടിയേറ്റു. വാൽമീകി ആക്ഷൻ കമ്മിറ്റിയുടെ ബന്തിൽ ജലന്തർ, അമൃത്സർ, ഹോഷിയാർപൂർ, കപൂർത്തല, ഫഗ്വാര, ഫിറോസ്പൂർ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വാൽമീകി സമുദായത്തെ അവഹേളിക്കുന്നതും ചരിത്രം വളച്ചൊടിക്കുന്നതുമായ നിരവധി പരാമർശങ്ങൾ സീരിയലിൽ ഉണ്ടെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.