chitra-yesudas

ലോകത്തിന് മുന്നിൽ മലയാളികൾക്ക് എന്നും അഭിമാനത്തോടെ പറയാൻ കഴിയുന്ന രണ്ട് പേരുകളാണ് യേശുദാസും, കെ.എസ് ചിത്രയും. പൂവിൽ നിന്നും കിനിയുന്ന തേനിനേക്കാൾ മധുരമാർന്ന സ്വരത്താൽ ഇരുവരും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു. ആയിരക്കണക്കിന് പാട്ടുകളാണ് യേശുദാസും ചിത്രയും ചേർന്ന് പാടിയിരിക്കുന്നത്. എന്നാൽ ഇത്രയധികം വർഷം ഒരുമിച്ച് പ്രവർത്തിച്ചിട്ടും ദാസേട്ടന്റെ ഫോൺകോൾ വന്നാൽ പോലും താൻ എണീറ്റു നിന്നുപോകുമെന്ന് പറയുകയാണ് ചിത്ര. തന്റെ ഗുരുവാണ് യേശുദാസെന്നും എന്നാൽ അദ്ദേഹം ആവശ്യപ്പെട്ട ഒരു കാര്യം മാത്രം അനുസരിക്കാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ചിത്ര പറയുന്നു.

ചിത്രയുടെ വാക്കുകൾ-

'എണീറ്റു പോകും. അത്ര ബഹുമാനമാണ് ദാസേട്ടനോട്. ഈ പ്രായത്തിലും അദ്ദേഹം പാട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികമാർക്കും അറിയില്ല. കയ്യിൽ ഒരു ബുക്കുണ്ടാകും. അതിൽ നിന്ന് ഓരോ പുതിയ കീർത്തനങ്ങൾ വശമാക്കികൊണ്ടിരിക്കും. ഓരോ വേദിയിലും അടുത്ത വർഷം വരുമ്പോൾ അദ്ദേഹം പുതിയൊരു കീർത്തനമെങ്കിലും പാടിയിരിക്കും. ഇപ്പോൾ പഠനത്തോടുള്ള അഭിനിവേശം കൂടിയിരിക്കുകയാണ്. ഭക്ഷണം പോലും മറന്ന മട്ടാണ്. പുതിയതു പഠിക്കാനായി ഇത്രമാത്രം സമർ‌പ്പണം ചെയ്യുന്ന ആളെ ഞാൻ വേറെ കണ്ടിട്ടില്ല. എന്റെ ആദ്യ യുഗ്‌മഗാനം ദാസേട്ടനൊപ്പമായിരുന്നു. ഗുരുവാണ്. സിനിമയ്‌ക്കൊപ്പം ക്ളാസിക്കൽ മ്യൂസിക്കും കൊണ്ടുപോകണമെന്ന ഉപദേശം മാത്രം പാലിക്കാൻ കഴിഞ്ഞിട്ടില്ല.

ദാസേട്ടൻ എപ്പോഴും പറയും കച്ചേരിയിൽ ശ്രദ്ധിക്കണമെന്ന്. പക്ഷേ അത് ലളിത സംഗീത ആലാപനത്തെ ബാധിക്കുമെന്നാണ് എന്റെ അനുഭവം. റേഞ്ചിന് ദോഷമാണ്. പുരുഷന്മാർക്ക് അത്രത്തോളം ഇല്ലെന്ന് തോന്നുന്നു. പക്ഷേ സ്ത്രീകൾക്ക് ഇതുരണ്ടുംകൂടി കൊണ്ടുപോകുന്നത് ശരിയാകില്ലെന്നാണ് എന്റെ അനുഭവം'.- ഒരു മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ പ്രതികരണം.