കോട്ടയം: അനുകൂലമായ പ്രതികരണം ഉണ്ടായാൽ പാലായിൽ ഒന്നിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. തത്ക്കാലം ഒന്നിച്ച് പ്രവർത്തിക്കില്ലെന്നും അതിനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്നും യു.ഡി.എഫ് നേതൃത്വവുമായുള്ള ചർച്ചയ്ക്ക് മോൻസ് ജോസഫിനെ ചുമതലപെടുത്തിയതായും പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം യു.ഡി.എഫ് നേതാക്കളെ അറിയിച്ചുവെന്നും ജോസഫ് അറിയിച്ചു. യു.ഡി.എഫ് ഇടപെടലിനെ തുടർന്ന് പി.ജെ.ജോസഫ് നിലപാട് മയപ്പെടുത്തുന്നു എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം.
'കോൺഗ്രസ് നേതാക്കന്മാർ ഇടപെട്ടിട്ടുണ്ട്. മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും എല്ലാം സംസാരിച്ചു. ഒന്നിച്ച് പ്രചാരണം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഒരു പഞ്ചായത്ത് മണ്ഡലത്തിൽ കയറി പ്രശ്നമുണ്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയാൽ ഞങ്ങൾ സഹകരിക്കും. അതിന് മോൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ ചർച്ച ചെയ്യും. ' പി.ജെ ജോസഫ് പറഞ്ഞു.
പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ജോസ് പക്ഷം കൂക്കിവിളിച്ചതിൽ പ്രതിഷേധിച്ച് ഒന്നിച്ചുള്ള പ്രചാരണത്തിനില്ലെന്നും സമാന്തര യോഗം വിളിച്ച് ഒറ്റയ്ക്ക് പ്രചാരണത്തിനിറങ്ങുമെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു. ജോസഫിനെ അപമാനിച്ചെന്നാരോപിച്ച് ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 12 നേതാക്കൾക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് പാലാ സി.ഐക്ക് പരാതി നൽകിയത്.