kodiyeri-balakrishnan

തിരുവനന്തപുരം: മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. പരിഷ്കാരം അശാസ്ത്രീയമാണെന്നും വൻ അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയാവണമെന്നും ഉയർന്ന പിഴ വിപരീത ഫലം ഉണ്ടാക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര നിയമത്തിനെതിരെ എന്ത് ചെയ്യാൻ പറ്റുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറൽ ഘടന തകർക്കുന്നുവെന്നും പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിന്റെ തടവറയിലാണ് കേരള കോൺഗ്രസ്(എം)വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരള കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാൻ പോലും യു.ഡി.എഫിന് കഴിയില്ലെന്നും ജോസഫിന്റെ പ്രഖ്യാപനം യു.ഡി.എഫിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചെന്നും കോടിയേരി വ്യക്തമാക്കി.