തിരുവനന്തപുരം: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിക്ക് പകരക്കാരനായുള്ള നറുക്ക് ഇനി മലയാളി താരം സഞ്ജുസാംസണിന് വീഴുമോ? കഴിഞ്ഞ ദിവസം കാര്യവട്ടത്ത് കണ്ടത് സഞ്ജുവിന്റെ മാസ്മരിക പ്രകടനം തന്നെ ഇതിനു കാരണം. 48 പന്തിൽ നിന്ന് 91 റൺസ് നേടിയ സഞ്ജു ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് ഒരു വെറും വിജയം മാത്രമല്ല, ഉജ്വലമായൊരു പരമ്പര കൂടിയാണ് സമ്മാനിച്ചത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിലെ ഈ വിസ്മയ വെട്ടിക്കെട്ട് പ്രകടനം സഞ്ജുവിന് വലിയ കൈയടികളാണ് നേടിക്കൊടുക്കുന്നത്.
ഇന്ത്യയ്ക്കുവേണ്ടി ഒരു ടി20 മത്സരം മാത്രം കളിച്ചിട്ടുള്ള സഞ്ജുവിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ കണ്ടത്. 87 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽ നിന്നായി 2945 റൺസും ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 1871 റൺസുമാണ് നേടിയത്. 211 റൺസാണ് ഫസ്റ്റ് ക്ലാസ് മത്സരത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ. കഴിഞ്ഞ ദിവസം കണ്ട ഇന്നിംഗ്സിനു പിന്നാലെ സഞ്ജുവിനെ ഇന്ത്യൻ ഏകദിനടീമിലെ 4–ാം നമ്പരിൽ ഇറക്കണമെന്ന് ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹർഭജന്റെ നിർദേശത്തെ മുൻ ഇന്ത്യൻ ഓപ്പണറും പാർലമെന്റംഗവുമായ ഗൗതം ഗംഭീറും സ്വാഗതം ചെയ്തിരുന്നു.
Yes @harbhajan_singh on current form and his skills this Southern Star, @IamSanjuSamson can bat even on Moon’s South Pole!!! I wonder if they had space on Vikram to carry this marvel of a batsman. Well done Sanju on scoring 91 off 48 balls against South Africa A side. pic.twitter.com/MwTZj6JaWh
— Gautam Gambhir (@GautamGambhir) September 6, 2019
സ്വാഭാവിക മികവാണ് സഞ്ജുവിന്റെ ഏറ്റവും വലിയ ഗുണമെന്നും നിർഭയക്രിക്കറ്റാണ് സഞ്ജുവിന്റെ ശൈലിയെന്നും ടീം പരിശീലകൻ പി. ബാലചന്ദ്രൻ വിലയിരുത്തുന്നു. വിക്കറ്റ് കീപ്പർ എന്നതിലുപരി മികച്ച ഫീൽഡർ കൂടിയാണു സഞ്ജു. നന്നായി ബാറ്റുചെയ്യുന്ന വിക്കറ്റ് കീപ്പറെയാണ് ആവശ്യമെങ്കിലും, സഞ്ജുവിനെ ബാറ്റ്സ്മാൻ മാത്രമായിട്ടും ടീമിലെടുക്കാം, ട്വന്റി20യിൽ ആണെങ്കിൽ ഓപ്പണിംഗ് ബാറ്റ്സ്മാനായി കളിപ്പിക്കാം. അത്രയേറെ ഫ്ലെക്സിബിൾ ആണ് സഞ്ജുവെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വർഷത്തെ ലോക ട്വന്റി20 ചാംപ്യൻഷിപ് ലക്ഷ്യമിട്ട് വിക്കറ്റ് കീപ്പർമാരുടെ സംഘത്തെ കണ്ടെത്താനുള്ള ബി.സി.സി.ഐയുടെ പദ്ധതിയിൽ നിന്ന് ഇനി സഞ്ജുവിനെ ഒഴിവാക്കാനാകില്ല. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരാണ് ഇപ്പോൾ ബി.സി.സി.ഐയുടെ പരിഗണനയിലുള്ളത്. ട്വന്റി20, ഏകദിന ടീമുകളിൽ ഇടംപിടിക്കാനായാൽ ക്രമേണ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വാതിലും സഞ്ജുവിനു മുന്നിൽ തുറക്കും.