indians

ലണ്ടൻ: കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനികൾ ആക്രമിച്ച ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസ് വൃത്തിയാക്കി ഇന്ത്യക്കാർ. ഓഫീസ് വൃത്തിയാകാനായി ശുചീകരണ ഉപകരണങ്ങളും ഇന്ത്യൻ പതാകയുമായാണ് ഇവിടേക്ക് ഇവർ എത്തിയത്. പാകിസ്ഥാനികളുടെ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഒത്തൊരുമയുടെ സന്ദേശം പടർത്തി രാജ്യത്തിനൊപ്പം നിൽക്കുകയായിരുന്നു ലണ്ടനിലെ ഇന്ത്യൻ ജനത. ഒരാഴ്ച മുൻപാണ് ആയിരത്തോളം വരുന്ന പാകിസ്ഥാനികൾ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിന് മുന്നിൽ തടിച്ച് കൂടുകയും അക്രമം അഴിച്ച് വിടുകയും ചെയ്തത്.

High Commission expresses its gratitude to the Indian Community for coming forward to help purge the India House of the mess made by violent protest of 3 September; Swachh Bharat: Shreshtha Bharat! @DrSJaishankar @MEAIndia @RuchiGhanashyam @UKinIndia pic.twitter.com/YCdlwa9LXA

— India in the UK (@HCI_London) September 7, 2019

പാക് ദേശീയ പതാകയുമായി എത്തിയ ഇവർ ചീമുട്ടകളും പച്ചക്കറി മാലിന്യവും പുക ബോംബുകളും ഹൈ കമ്മീഷൻ ഓഫീസിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ആക്രമണത്തിനിടെ ഓഫീസ് കെട്ടിടത്തിലെ നിരവധി ജനാലകളും അക്രമികൾ തകർത്തിരുന്നു. പാകിസ്ഥാനികളുടെ ഈ അക്രമം അനുവദിച്ചുകൊടുത്തതിന് ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ ഏറെ വിമർശനം ഉയർന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും ഈ ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാൻ ആകില്ലെന്നും യു.കെ സർക്കാർ ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നുമായിരുന്നു രവീഷ് കുമാർ ആവശ്യപ്പെട്ടിരുന്നത്.