sha
ഷറഫ്

തിരുവനന്തപുരം: ഡിഗ്രി വിദ്യാർത്ഥിയായ മകൻ. ഒമ്പതാംക്ളാസിൽ പഠിക്കുന്ന മകൾ. തൊഴിൽ രഹിതയായ ഭാര്യ. വാഹനാപകടങ്ങളിൽ ശരീരം തളർന്ന് നാലുവർഷമായി കിടക്കയിൽ കഴിയുന്ന ഗൃഹനാഥൻ. താമസം വാടകവീട്ടിൽ. കടുത്ത പ്രതിസന്ധിയിലും 53കാരനായ ഷറഫ് പിടിച്ചു നിന്നത് മനസിന്റെ ഉറപ്പിലായിരുന്നു. പക്ഷേ,​ ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരോ സുമനസുകളോ കനിയണം.

തദ്ദേശ സ്വയംഭരണ വകുപ്പിൽ സീനിയർ ക്ളാർക്കായിരുന്ന ഷറഫിന്റെ (53) ജീവിതം തകർത്തത് തുടർച്ചയായ രണ്ട് വാഹനാപകടങ്ങളാണ്.

കൊല്ലം പന്മന വടക്കുംതല സ്വദേശിയാണ് ഷറഫ്. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദധാരി. 2001 ജൂണിൽ പി.എസ്.സി നിയമനം. ആലപ്പുഴ പാലമേൽ ഗ്രാമപഞ്ചായത്തിൽ ക്ളാർക്കായി. വൈകാതെ തോട്ടപ്പള്ളി സ്വദേശിനി മുംതാസ് നിഷയെ വിവാഹം ചെയ്തു. രണ്ട് കുട്ടികളുമായി. സന്തോഷകരമായ കുടുംബജീവിതം നയിക്കുമ്പോഴാണ് ദുരന്തങ്ങൾ വേട്ടയാടിയത്.

പുലിയൂർ പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ 2006 ലാണ് ആദ്യ അപകടം. ഷറഫിന്റെ സ്കൂട്ടർ മറ്റൊരു വാഹനവുമായി ഇടിച്ച് വലതുകാൽ തകർന്നു. കാലിന്റെ സ്വാധീനം നഷ്ടമായി. പിന്നെ ട്രൈസ്കൂട്ടറിലായി യാത്ര. ആറാട്ടുപുഴ പഞ്ചായത്തിൽ ജോലി ചെയ്യുമ്പോൾ 2015ൽ രണ്ടാമത്തെ അപകടം. ഓഫീസിൽ നിന്ന് വീട്ടിലേക്കു പോകുമ്പോൾ ഷറഫിന്റെ ട്രൈസ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഷറഫിന് കഴുത്തിന് താഴേക്കുള്ള ചലനശേഷിയും സ്പർശനശേഷിയും പൂർണമായി നഷ്ടമായി. ജോലി ചെയ്യാനാവാത്ത അവസ്ഥ. രണ്ട് അപകടങ്ങളിലെ ചികിത്സയ്ക്കായി സമ്പാദ്യം മുഴുവൻ ചെലവാക്കി. 2016 ജനുവരി 31 വരെ അനുവദനീയമായ അവധിയിൽ തുടർന്നു. ജോലിചെയ്യാനുള്ള ശേഷിയില്ലായ്‌മ കാട്ടി വകുപ്പിന് കത്ത് നൽകിയതോടെ ഇൻവാലിഡ് പെൻഷൻ 5100 രൂപ അനുവദിച്ചു. അതാണ് ഇപ്പോഴത്തെ വരുമാനം.

സർക്കാരിന്റെ കനിവ് കാത്ത്

ഭാര്യയ്ക്ക് ഒരു ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടും. കെ.ടി. ജലീൽ തദ്ദേശ മന്ത്രിയായിരുന്നപ്പോൾ സെക്രട്ടേറിയറ്റിൽ പോയി നിവേദനം നൽകി. ആംബുലൻസിൽ വച്ചാണ് ഷറഫിന്റെ നിസഹായാവസ്ഥ ജലീൽ ചോദിച്ച് മനസിലാക്കിയത്. മനുഷ്യത്വപരമായി തന്നെ അദ്ദേഹം ഇടപെട്ടു. ധനമന്ത്രി ഐസക്കും സഹായനിലപാട് എടുത്തു. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെയെത്തി. നിർഭാഗ്യവശാൽ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കാനുള്ള അനുമതി മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. ഇനി ഏതു വാതിലിൽ മുട്ടണമെന്നതാണ് ഷറഫിന്റെ മനസിലെ വിങ്ങൽ.