മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ ഒന്ന് അപഗ്രഥനം നടത്തിയാൽ ആദ്യപത്തിൽ വലിയകത്ത് മൂസ ഉണ്ടാകുമെന്ന് ഉറപ്പാണ്. പി.ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്‌ത പരദേശി എന്ന ചിത്രത്തിലെ ലാലിന്റെ കഥാപാത്രമായിരുന്നു വലിയകത്ത് മൂസ. നേതാക്കൾ ഭരണ സൗകര്യത്തിനായി ഇന്ത്യക്കും പാകിസ്ഥാനും അതിർത്തി നിശ്ചയിച്ചപ്പോൾ പിറന്നമണ്ണിൽ അന്യരായി പോയ ഹതഭാഗ്യരുടെ കഥയായിരുന്നു പരദേശി. പകരംവയ്‌ക്കാൻ കഴിയാത്ത തരത്തിൽ തന്നെ വലിയകത്ത് മൂസയെ മോഹൻലാൽ അവിസ്‌മരണീയമാക്കി.
എന്നാൽ ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂർണതയ്‌ക്കായി അഞ്ച് മണിക്കൂറിലധികമാണ് ലാൽ മേയ്‌ക്കപ്പിനായി ഇരുന്നുതന്നതെന്ന് പറയുകയാണ് സംവിധായകൻ. താൻ അന്തം വിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് മോഹൻലാൽ എന്നും, ഇന്ത്യയിലെ തന്നെ ഒരു എണ്ണപ്പെട്ട നടൻ അഞ്ചു മണിക്കൂർ മേയ്‌ക്കപ്പിനിരുന്നു തരിക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്ന് പി.ടി കുഞ്ഞു മുഹമ്മദ് പറയുന്നു.
മോഹൻലാലുമായി സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി വലിയൊരു അടുപ്പം എനിക്ക് ഉണ്ടായിരുന്നില്ല. സുഹൃത്ത് അഷ്‌റഫ് വഴിയാണ് ലാലിനോട് കഥപറയുന്നത്. ഒറ്റചോദ്യമേ അദ്ദേഹം എന്നോട് ചോദിച്ചുള്ളൂ, സാർ എന്തിനാണ് സിനിമ എടുക്കുന്നത്. എന്തെങ്കിലും എനിക്ക് പറയാനുള്ളതുകൊണ്ടാണല്ലോ എന്ന് ഞാൻ മറുപടി കൊടുത്തു. ഞാൻ മേയ്‌ക്കപ്പിന്റെ രീതിയൊക്കെ കാണിച്ചു കൊടുത്തു. നാലു കാലഘട്ടത്തിലൂടെ അദ്ദേഹം കടന്നു പോകുന്നത്. 80 വയസു മുതൽ ചെറുപ്പക്കാലം വരെയുള്ള നാല് കാലഘട്ടം. അതിനു വേണ്ട മേയ്‌ക്കപ്പ് വളരെ പ്രധനപ്പെട്ടതും. റഷീദ് പട്ടണത്തെയാണ് ഞങ്ങൾ മേയ്‌ക്കപ്പ് മാനായി തീരുമാനിച്ചത്. റഷീദ് അതൊരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. ജർമ്മനി, ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ചില മേയ്‌ക്കപ്പ് മെറ്റീരിയൽസ് വരുത്തിയത്.
അഞ്ചു മണിക്കൂറാണ് മേയ്‌ക്കപ്പ്. ഞാൻ അന്തം വിട്ടുപോയ ക്ഷമയുടെ പ്രതീകമാണ് മോഹൻലാൽ. ഇന്ത്യയിലെ തന്നെ എണ്ണപ്പെട്ട ഒരു നടൻ അഞ്ച് മണിക്കൂർ മേയ്‌ക്കപ്പിനായി ഇരുന്ന് തരിക. എൺപതാമത്തെ വയസിലേക്ക് പോകുന്ന മേയ്‌ക്കപ്പിന്റെ അന്ന് ഞാനോ, മോഹൻലാലോ, പട്ടണം റഷീദോ ഉറങ്ങിയിട്ടില്ല. നല്ല ഭയമുണ്ടായിരുന്നു ഇതെങ്ങനാ വരികയെന്ന്. ആദ്യം ശരിയായില്ലെങ്കിൽ പിന്നെ അന്ന് തന്നെ കൊണ്ട് വീണ്ടും ചെയ്യാൻ കഴിയില്ലെന്ന് റഷീദും പറഞ്ഞു. എന്നാൽ പ്രശ്‌നമൊന്നുമില്ലാതെ വന്നു. മേയ്‌ക്കപ്പ് കഴിഞ്ഞ് അടുത്തു വന്നിരിക്കുമ്പോൾ ലാൽ ആണെന്ന പ്രതീതിയെ ഉണ്ടായിരുന്നില്ല എന്നാണ് ആന്റണി പെരുമ്പാവൂർ പോലു പറഞ്ഞത്. അസാമാന്യമായ മേയ്‌ക്കപ്പായിരുന്നു മോഹൻലാലിന് വേണ്ടി റഷീദ് ഒരുക്കിയത്.