accident

തിരുവനന്തപുരം: പേരൂർക്കടയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് ഹോംഗാർഡിനെ ഇടിച്ചുതെറിപ്പിച്ചയാൾ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ അധികൃതർ. ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ആറ്റിങ്ങൽ സ്വദേശി ഓടിച്ച മാരുതി കാറിടിച്ചാണ് ഹോംഗാർഡിന് പരിക്കേറ്റത്. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ് കാലിന് സാരമായ പരിക്കുകളോടെ ഇടപ്പഴ‌ഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇന്നലെ രാത്രി ഒമ്പതോടെ ശാസ്‌തമംഗലത്തിന് സമീപം പൈപ്പിൻമൂട് വച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ അനിൽകുമാറിനെ ഇടിക്കുകയായിരുന്നു. അപകടശേഷം കാർ നിറുത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ ബൈക്കുകളിൽ പിന്തുടർന്നു. ഇതോടെ അപകടമുണ്ടാക്കിയയാൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പിന്നീടാണ് കാറിലുണ്ടായിരുന്നത് പൊലീസുകാരനാണെന്ന് മനസിലാക്കിയത്. എന്നാൽ പരിക്കേറ്റ ഹോം ഗാർഡിന് പരാതിയില്ലെന്ന് ചൂണ്ടാക്കാട്ടി പൊലീസ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന ആരോപണം ഉയർന്നിട്ടും ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കാൻ പോലും അധികൃതർ തയ്യാറാകാത്തതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് തിരുവനന്തപുരം നഗരത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമ പ്രവർത്തകനായ കെ.എം.ബഷീർ ദാരുണമായി കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ നഗരത്തിലെ വാഹനപരിശോധന കർശനമാക്കിയെന്ന് പൊലീസുകാർ വിശദീകരിക്കുന്നുണ്ടെങ്കിലും സമാന സംഭവങ്ങൾ ഇപ്പോഴും ആവർത്തിക്കുകയാണ്. ഇന്നലെ രാത്രി നഗരത്തിൽ രണ്ടിടത്താണ് സമാനമായ അപകടങ്ങൾ നടന്നത്.