നാസ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്യാനുള്ള ഐ. എസ്. ആർ. ഒ ശ്രമത്തെ അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ അഭിനന്ദിച്ചു. ഭാവിയിൽ സൗരയൂഥത്തെ പറ്റിയുള്ള പഠനം ഐ. എസ്. ആർ. ഒയ്‌ക്കൊപ്പം നടത്താൻ നാസ താൽപര്യവും പ്രകടിപ്പിച്ചു.
''ബഹിരാകാശം കഠിനമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഇന്ത്യ നടത്തിയ ശ്രമത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിങ്ങളുടെ യാത്ര ഞങ്ങളെ പ്രചോദിപ്പിച്ചു. ഭാവിയിൽ സൗരയൂഥത്തെപ്പറ്റി നമുക്ക് ഒരുമിച്ച് പഠിക്കാം.''
- നാസ ഇന്നലെ ട്വിറ്ററിൽ പറഞ്ഞു.
ചന്ദ്രനിൽ വിക്രം ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്യാനുള്ള ഇന്ത്യയുടെ ധീരമായ ദൗത്യത്തിൽ നിന്നുള്ള പാഠങ്ങൾ തുടർദൗത്യങ്ങൾക്ക് സഹായകരമാവുമെന്ന് നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി ജറി ലൈനൻഗർ ശനിയാഴ്‌ച പറഞ്ഞിരുന്നു. ഒട്ടും നിരാശ വേണ്ട. വളരെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇന്ത്യ ചെയ്യാൻ ശ്രമിച്ചത്. മുൻകൂട്ടി നിശ്ചയിച്ചപോലെയാണ് ലാൻഡർ താഴേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാന്ദ്ര ദൗത്യം: ആറ് പതിറ്റാണ്ടിൽ വിജയം 50% മാത്രം
1958 മുതലുള്ള 108 ദൗത്യങ്ങളിൽ 61 എണ്ണമാണ് വിജയിച്ചതെന്ന് നാസയുടെ 'മൂൺ ഫാക്‌ട് ഷീറ്റ്' പറയുന്നു
ഇതിൽ 46 ദൗത്യങ്ങളാണ് ചന്ദ്രനിൽ ഇറങ്ങിയത്
ഇതിൽ 21 എണ്ണം പൂർണമായി വിജയിച്ചു
രണ്ടണ്ണം ഭാഗിക വിജയമായിരുന്നു
1958 മുതൽ 1979 വരെ അമേരിക്കയും റഷ്യയും മാത്രമാണ് ചാന്ദ്ര ദൗത്യങ്ങൾ വിക്ഷേപിച്ചത്. 90 ദൗത്യങ്ങൾ
1980 മുതൽ 90 വരെ ആരും ചാന്ദ്ര ദൗത്യങ്ങൾ വിക്ഷേപിച്ചില്ല.
അതിനുശേഷമാണ് യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും ഇന്ത്യയും ഇസ്രയേലും ചന്ദ്രനെ ഉന്നം വച്ചത്
ചന്ദ്രനിലെ ആദ്യ സോഫ്റ്റ്‌ലാൻഡിംഗ് 1966 ജനുവരിയിൽ സോവിയറ്റ് യൂണിയന്റെ ലൂണ 9 ദൗത്യം
മനുഷ്യൻ ആദ്യം ചന്ദ്രനിൽ കാലുകുത്തിയത് 1969ൽ നാസയുടെ അപ്പോളോ 11 ദൗത്യത്തിൽ. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ഈഗിൾ എന്ന ലൂണാർ മൊഡ്യൂളിൽ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ മൈക്കൽ കോളിൻസ് കൊളംബിയ പേടകത്തിൽ ചന്ദ്രനെ വലംവച്ചു.
2009 മുതൽ 2019 വരെ 10 ചാന്ദ്ര ദൗത്യങ്ങൾ വിക്ഷേപിച്ചു.
അതിൽ അഞ്ചും ചൈനയുടേതും മൂന്നെണ്ണം അമേരിക്കയുടേതും ആയിരുന്നു.
ഇന്ത്യയും ഇസ്രയേലും ഓരോ ദൗത്യവും അയച്ചു.