ambani

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. ഇന്ത്യയിലും പുറത്തും നിരവധി ബിസിനസ് സ്ഥാപനങ്ങളും വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇതിൽ പലതും അത്യാഡംബര വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്. ചില പ്രമുഖ കമ്പനികൾ അംബാനിക്ക് വേണ്ടി മാത്രമായും വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. ഇത്രയും പ്രത്യേകതയുള്ള വാഹനങ്ങൾ ഓടിക്കുന്നവർ ആരാണെന്നും അവരുടെ ശമ്പളമെത്രയാണെന്നും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. അംബാനിയുടെ നൂറോളം വരുന്ന വാഹനങ്ങൾക്ക് വേണ്ടി ഡ്രൈവർമാരെ നൽകുന്നത് ഒരു സ്വകാര്യ കമ്പനിയാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് ഇവരുടെ പ്രതിമാസ ശമ്പളം.

എന്നാൽ മുകേഷ് അംബാനിയുടെ വാഹനത്തിന്റെ ഡ്രൈവറാവുക അത്ര എളുപ്പമുള്ള കാര്യമല്ല. കഠിനമായ പ്രോസസിലൂടെയാണ് ഓരോ ഡ്രൈവർമാരെയും തിരഞ്ഞെടുക്കുന്നത്. കാർ ഡ്രൈവിംഗ് പശ്ചാത്തലം, കാർ ഡ്രൈവ് ചെയ്യുന്നതിലുള്ള പരിചയം, പ്രത്യേകിച്ചും വിലകൂടിയ കാറുകൾ ഓടിക്കുന്നതിലെ പരിചയം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നത്. വിവിധ ഭാഷകളിലുള്ള വൈദഗ്‌ദ്ധ്യം, കാർ റിപ്പയറിംഗിലുള്ള പരിചയം തുടങ്ങിയവ പുലർത്തുന്നവർ മാത്രമേ ആദ്യഘട്ട അഭിമുഖത്തിൽ പാസാവൂ. അഭിമുഖത്തിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ ഒരു നിശ്ചിത സമയത്തേക്ക് കാറുകൾ ഓടിക്കുന്ന രീതി പരിശോധിക്കും. ഇതിൽ നിന്നും മികച്ചയാളുകളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുകയാണ് അടുത്ത ഘട്ടം. അടിയന്തര ഘട്ടങ്ങൾ നേരിടേണ്ടത് എങ്ങനെയാണ്, അത്യാഡംബര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എങ്ങനെയാണ്, ഭാഷ കൈകാര്യം ചെയ്യേണ്ടതെങ്ങനെ തുടങ്ങിയ സങ്കീർണമായ പരിശീലനമാണ് ഇവർക്ക് നൽകുന്നത്.

ambani

തുടർന്ന് മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തിലുണ്ടാകുന്ന മറ്റ് കാറുകൾ ഓടിക്കാൻ നിയോഗിക്കും. എല്ലായ്‌പ്പോഴും ഇവർ നിരീക്ഷണത്തിലായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പിന്നെയും വർഷങ്ങളെടുക്കും മുകേഷ് അംബാനി സഞ്ചരിക്കുന്ന വാഹനത്തെ നിയന്ത്രിക്കാൻ. വെളിപ്പെടുത്താത്ത സുരക്ഷാ ഫീച്ചറുകൾ അടങ്ങിയ ബി.എം.ഡബ്ല്യൂ സെവൻ സീരിസിലെ വാഹനമാണ് ഇപ്പോൾ അംബാനി ഉപയോഗിക്കുന്നത്. വൻ കോടീശ്വരൻ ആയതിനാൽ തന്നെ ശത്രുക്കളിൽ നിന്നും തീവ്രവാദസംഘങ്ങളിൽ നിന്നും നിരന്തരം ഭീഷണി നേരിടുന്നയാളാണ് അംബാനി. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ അടിയന്തരസാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെ സംബന്ധിച്ച് വിദേശരാജ്യങ്ങളിലെ പരിശീലനത്തിനും ഡ്രൈവർമാരെ നിയോഗിക്കാറുണ്ട്.