ന്യൂഡൽഹി:മദ്ധ്യപ്രദേശ് കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാൻ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി ചർച്ച നടത്തിയ ശേഷമാണ് സോണിയയുടെ തീരുമാനം.
'മദ്ധ്യപ്രദേശിലെ രാഷ്ട്രീയ സ്ഥിതിഗതികൾ സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്തു. സംസ്ഥാനത്തെ പ്രശ്നങ്ങളിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നം കൈകാര്യം ചെയ്യാൻ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു' - കമൽനാഥ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയും പി. സി. സി അദ്ധ്യക്ഷനുമായ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലും മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ്സിംഗും ചില മന്ത്രിമാരം തമ്മിലുമുള്ള പ്രശ്‌നങ്ങൾ പാർട്ടി സംസ്ഥാന ഘടകത്തിന് വലിയ പ്രതിസന്ധിയായിട്ടുണ്ട്. ചില നേതാക്കളുടെ പ്രസ്താവനകൾ സംബന്ധിച്ച് മദ്ധ്യപ്രദേശിന്റെ ചുമതലയുള്ള ദീപക് ബാബ്റിയ, സോണിയാഗാന്ധിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ദിഗ്‌വിജയ് സിംഗിനെതിരെ ചില മന്ത്രിമാർ പരാതികളുന്നയിച്ചിരുന്നു.
സിംഗ് സർക്കാരിനെ ബ്ളാക്ക് മെയിൽ ചെയ്യുകയാണെന്നും ഒൻപത് മാസം മാത്രം പ്രായമുള്ള കമൽനാഥ് മന്ത്രിസഭയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വനംമന്ത്രി ഉമംഗ് സിൻഗാർ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. സിംഗ് സൂപ്പർ സി.എം ചമയുകയാണെന്നും വികസനപ്രവർത്തനങ്ങളുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രിമാർക്ക് കത്തെഴുതുന്നതായും ശുപാർശകൾ നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തുന്നതായും ആരോപണമുണ്ട്. എന്നാൽ എം. പി എന്ന നിലയിൽ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അറിയാൻ തനിക്ക് അവകാശമുണ്ടെന്നും അതിനാണ് കത്തെഴുതുന്നതെന്നുമാണ് ദിഗ്‌വിജയ് സിംഗിന്റെ നിലപാട്.
ജ്യോതിരാദിത്യ സിന്ധ്യക്ക് പി. സി. സി അദ്ധ്യക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിട്ടുമുണ്ട്. സിന്ധ്യയെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെട്ടു. നിരവധി എം.എൽ.എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് സിന്ധ്യ സൂചന നൽകിയിരുന്നു. കമൽ നാഥ് മുഖ്യമന്ത്രിയായതിന് ശേഷവും പാർട്ടി അദ്ധ്യക്ഷനായി തുടരുകയാണ്. അടുത്തിടെ സോണിയാ ഗാന്ധിയെ കണ്ട കമൽനാഥ് അദ്ധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് അറിയിച്ചിരുന്നു.