amith-shah

ഗുവാഹത്തി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികൾ അനുവദിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 371 കേന്ദ്രം എടുത്ത് കളയില്ലെന്നും അതിൽ തൊടുക പോലും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പോലെയല്ല വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക പദവികളെന്നും ഇവ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെനും അമിത് ഷാ പറഞ്ഞു.

കാശ്മീരിന്റെ പദവി താത്ക്കാലികം മാത്രമാണ്.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള തീരുമാനം വന്നത് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പദവികളും റദ്ദാക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉദ്ദേശിച്ചുകൊണ്ടുള്ള തെറ്റായ വാർത്തയാണ്. അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ വടക്ക് കിഴക്കൻ ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനും സംഘർഷം സൃഷ്ടിക്കാനും ശ്രമിക്കുന്നതായി മുൻപ് വാർത്തകൾ വന്നിരുന്നു.

'ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് ഞാൻ പാർലമെന്റിലും പറഞ്ഞിരുന്നു. ഞാൻ അത് വീണ്ടും ഇവിടെ ആവർത്തിക്കുന്നു. ആർട്ടിക്കിൾ 371ൽ കേന്ദ്ര സർക്കാർ തൊടുകയില്ല. പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെ കുറിച്ച് പലരും പല തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതായി കണ്ടു. ഞാൻ വളരെ വ്യക്തമായി പറയുന്നു. ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും ഈ രാജ്യത്ത് കഴിയാൻ ഇന്ത്യൻ സർക്കാർ അനുവദിക്കില്ല. അതാണ് ഞങ്ങളുടെ അർപ്പണബോധം.' കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ 68ആം പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.