ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന, ഭരണഘടനയുടെ 371-ാം അനുച്ഛേദത്തിൽ കേന്ദ്ര സർക്കാർ ഒരു മാറ്റവും വരുത്തില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ച് വ്യക്തമാക്കി. അസമിൽ, വടക്കു കിഴക്കൻ സംസ്ഥാന കൗൺസിലിന്റെ 68-ാം പ്ളീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആർട്ടിക്കിൾ 370 ഉം 371 ഉം തമ്മിൽ വലിയ അന്തരമുണ്ട്. കാശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 താത്കാലിക സ്വഭാവമുള്ളതാണ്. എന്നാൽ അനുച്ഛേദം 371 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി ഉറപ്പു വരുത്തുന്നതും. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയതു പോലെ 371-ാം അനുച്ഛേദവും എടുത്തുകളയുമെന്ന് പ്രചാരണമുണ്ട്. പക്ഷേ, അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു.'- എട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ഗവർണർമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ ഷാ പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഷാ അസം സന്ദർശിക്കുന്നത്. കഴിഞ്ഞ മാസം 31 ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷത്തിലധികം പേർ ഒഴിവാക്കപ്പെട്ടിരുന്നു. അതിനു ശേഷമുള്ള സാഹചര്യത്തെക്കുറിച്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചർച്ച നടത്തും.