കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ കേരള സർക്കാർ നടപടി ആരംഭിച്ചു. ഫ്ളാറ്റിലെ താമസക്കാരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് അടിയന്തിരമായി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും കത്ത് നൽകിയിട്ടുണ്ട്. ഫ്ലാറ്റുകൾ പൊളിച്ച് നീക്കുന്നതിനിയായി സെപ്തംബർ 20 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്, അതിനാലാണ് സർക്കാർ അടിയന്തരമായി നടപടികളുമായി മുന്നോട്ട് പോകുന്നതെന്നാണ് അറിയുന്നത്.
മെയ് എട്ടിനാണ് ഫ്ലാറ്റ് നിർമാണത്തിൽ തീരദേശ നിയമം ലംഘിച്ചതായി കണ്ട് മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഹോളിഡേ ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ്,കായലോരം,ഹോളി ഫെയ്ത്ത്, ആൽഫ വെഞ്ചുവേഴ്സ് എന്നീ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശിച്ചത്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഫ്ലാറ്റ് വിഷയത്തിലെ സുപ്രീം കോടതി ഉത്തരവെന്നാണ് ഫ്ലാറ്റ് ഉടമകൾ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയതിന് ശേഷം 23ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.