modi-vs-rahul

ന്യൂഡൽഹി: വൻജനപങ്കാളിത്തത്തോടെ അധികാരത്തിലേറിയ രണ്ടാം മോദി സർക്കാർ വൻ മാറ്റങ്ങളിലൂടെയും വികസനത്തിലൂടെയും 100 ദിവസം പിന്നിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ പിന്തുണയോടെയാണ് തന്റെ സർക്കാർ ചില വൻ തീരുമാനങ്ങളെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വികസന മുരടിപ്പിന്റെ നൂറുദിനങ്ങൾ പിന്നിട്ടതിന് സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സർക്കാരിനെതിരെ പരിഹാസം ചൊരിഞ്ഞത്. ജനാധിപത്യത്തെ ധ്വംസിച്ച നൂറുദിനങ്ങളാണ് കടന്നുപോയതെന്ന് കോൺഗ്രസ് വക്താക്കളും ആരോപിച്ചു.


അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചെയ്തത് പോലെ വരുന്ന രണ്ട് ദിവസങ്ങളിൽ തങ്ങളുടെ മന്ത്രാലയത്തിന് കീഴിൽ എന്തൊക്കെ വികസന പ്രവർത്തനങ്ങൾ ചെയ്തുവെന്ന് ജനങ്ങളെ അറിയിക്കലാകും കേന്ദ്രമന്ത്രിമാരുടെ ചുമതല. നാളെയും മറ്റന്നാളുമായി 17 കേന്ദ്രമന്ത്രിമാർ സർക്കാരിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പാർലമെന്റിന്റെ ആദ്യ സെഷനിൽ ചെയ്ത തീരുമാനങ്ങൾ വ്യക്തമാക്കിയാണ് ഇന്ന് മോദി സംസാരിച്ചത്.കഴിഞ്ഞ 60 വർഷത്തെ രാജ്യചരിത്രത്തിൽ ഇത്രയും അധികം ബില്ലുകൾ പാസാക്കുകയും വൻ തീരുമാനങ്ങളെടുക്കുകയും ചെയ്ത മറ്റൊരു പാലർമെന്റ് സെഷൻ ഉണ്ടായിട്ടില്ലെന്ന് മോദി ഹരിയാനയിൽ നടന്ന റാലിയിൽ വ്യക്തമാക്കി. മൂന്ന് സുപ്രധാന ബില്ലുകളാണ് പാർലമെന്റ് ഈ സെഷനിൽ പാസാക്കിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് ഭേദഗതി ബിൽ, കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതുമായ ബിൽ, മോട്ടോർ നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴ ഏർപ്പെടുത്തുന്ന മറ്റൊരു ബിൽ എന്നിവയാണ് പാസാക്കിയത്.


രണ്ടാം മോദി സർക്കാരിന്റെ ആദ്യ നൂറുദിനം ചരിത്രപരമാണെന്നും നിരവധി വൻ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കിയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.2025ൽ 5 ട്രില്യൻ അമേരിക്കൻ ഡോളർ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരെയും കർഷകരെയും ശാക്തീകരിക്കുന്നതിലൂടെയേ ഇത് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, മോദി സർക്കാരിന്റെ നൂറുദിവസം രാജ്യത്തിന് വികസന മുരടിപ്പിന്റെ ദിനങ്ങളായിരുന്നുവെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. വികസനമുരടിപ്പിന്റെ നൂറുദിനങ്ങൾ സമ്മാനിച്ചതിന് മോദി സർക്കാരിന് എന്റെ അഭിനന്ദനങ്ങൾ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ജനാധിപത്യം ഇല്ലാതായിരിക്കുന്നു, മാദ്ധ്യമപ്രവർത്തനത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ദൃഢമായ നേതൃതത്തിന്റെയും ആസൂത്രണത്തിന്റെയും അഭാവം വ്യക്തമായി കാണാനാകുന്നുവെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ നൂറുദിനങ്ങൾ സ്വേഛാധിപത്യം, കലാപം, അരാജകത്വം എന്നീ മൂന്നുവാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാമെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. രാജ്യത്തെ എട്ട് മേഖലകളിലെ വളർച്ചാനിരക്ക് 2 ശതമാനത്തിൽ താഴെയാണ്. എന്നാൽ ധനകാര്യമന്ത്രി സാമ്പത്തിക മാന്ദ്യം അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഈ ഗുരുതരാവസ്ഥയെ ഇനിയും ബി.ജെ.പി അവഗണിക്കുകയാണെങ്കിൽ വലിയ തകർച്ചയിലേക്കാണ് രാജ്യം പോവുകയെന്നും കോൺഗ്രസ് ആരോപിച്ചു.