കൊച്ചി: പ്രവാസ ലോകത്തുനിന്ന് തിരിച്ചെത്തുകയും സ്വന്തമായി സംരംഭം തുടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നവർക്ക് ആശ്വാസ നടപടിയുമായി ബാങ്ക് ഒഫ് ഇന്ത്യ. നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം, ഈടില്ലാതെ പത്തുലക്ഷം രൂപവരെ വായ്‌പ നൽകുന്ന പദ്ധതിക്കാണ് ബാങ്ക് ഒഫ് ഇന്ത്യ തുടക്കമിട്ടത്.

ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ബാങ്ക് ഒഫ് ഇന്ത്യ കേരള മേഖലാ സോണൽ മാനേജർ വി. മഹേഷ് കുമാർ‌, നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി എന്നിവ‌ർ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചു. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും (പരമാവധി മൂന്നുലക്ഷം രൂപ) കൃത്യമായി വായ്‌പ തിരിച്ചടയ്ക്കുന്നവർക്ക് മൂന്നു ശതമാനം പലിശ സബ്‌സിഡിയും നൽകുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്‌ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ്.

നോർക്ക റൂട്ട്‌സ് റസിഡൻസ് വൈസ് ചെയർമാൻ കെ. വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ജനറൽ മാനേജർ ഡി. ജഗദീഷ്, ബാങ്ക് ഒഫ് ഇന്ത്യ ഏരിയ മാനേജർ ജോ‌ർജ് വർഗീസ്, സീനിയർ മാനേജർ ആർ. രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.