deepak

അഹമ്മദാബാദ്: ഇന്ത്യൻ പൗരൻമാർക്ക് തങ്ങളുടെ സർക്കാരിനെ വിമർശിക്കാനുള്ള എല്ലാവിധ അവകാശവുമുണ്ടെന്നും അതിനെ രാജ്യദ്രോഹമായി കാണാനാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത. ഭൂരിപക്ഷവാദം നിയമമാക്കാൻ പറ്റില്ല. ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ഏത് സർക്കാരുമായിക്കൊള്ളട്ടെ, രാജ്യദ്രോഹക്കുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമരസേനാനികൾ നമുക്ക് നേടിത്തന്ന അടിസ്ഥാനതത്വത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

'ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും' എന്ന വിഷയത്തിൽ അഹമ്മദാബാദിൽ അഭിഭാഷകർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡിഷ്യറി വിമർശനത്തിന് അതീതമല്ലെന്നും സുപ്രീംകോടതി ജഡ്ജിയെന്ന നിലയിലല്ല ഇത് പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'എക്സിക്യൂട്ടീവിനും ജുഡിഷ്യറിക്കും ബ്യൂറോക്രസിക്കും സായുധസേനയ്ക്കും എതിരേയുള്ള വിമർശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാൻ സാധിക്കില്ല. വിമർശനങ്ങളെ നമ്മൾ അടിച്ചമർത്താൻ ശ്രമിച്ചാൽ നമ്മുടേത് ജനാധിപത്യരാജ്യത്തിനു പകരം പൊലീസ്‌രാജാകും നടപ്പാകുക.

ഭരണഘടന പ്രകാരം അഭിപ്രായം പറയാനും മനസാക്ഷിക്കുനിരക്കുന്ന രീതിയിൽ പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു പുറമേ ഏറ്റവും മുഖ്യമായ ഒന്നുണ്ട്, അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. എല്ലാവരും നടക്കുന്ന വഴിയാണ് നാം പിന്തുടരുന്നതെങ്കിൽ പുതിയ പാതകൾ ഒരിക്കലും സൃഷ്ടിക്കപ്പെടില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോൾ മാത്രമാണ്. അതിനാൽ തന്നെ അഭിവാഞ്ഛകൾ ഉപേക്ഷിക്കരുതെന്നും ജസ്റ്റിസ് ഗുപ്ത കൂട്ടിച്ചേർത്തു.