news

1. കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജ്ജ് എം.പിയ്ക്ക് വന്‍ തിരിച്ചടി. എം.പിയുടെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥ അവകാശം സ്ഥാപിക്കുന്നതിന് ഉള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 116, 118 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്.
2. 2017 നവംബറില്‍ ജോയ്സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ വീണ്ടും റദ്ദാക്കിയത്.
3. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ അജ്മാന്‍ കോടതിയില്‍ നിലവില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. പരാതിക്കാരന്റെ വാദം നില നില്‍ക്കുന്നത് അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിന് എതിരായ ഹര്‍ജി കോടതി തള്ളിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
4. നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്‌പോര്‍ട്ട് തുഷാറിന് തിരിച്ചുനല്‍കി. നേരത്തേ നാട്ടിലേക്ക് തുഷാര്‍ പോകുന്നത് തടയാന്‍ നാസില്‍ നല്‍കിയ സിവില്‍ കേസും കോടതി തള്ളിയിരുന്നു. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന യു.എ.ഇ സ്വദേശിയുടെ പരാതിയിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പത്ത് മില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കി എന്നായിരുന്നു പരാതി.


5. സോഫ്റ്റ് ലാന്‍ഡിംഗിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ ഉള്ള ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ ആണ് പകര്‍ത്തിയത്. അതേസമയം, ലാന്‍ഡറും ആയുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ ആയില്ലെന്ന് ഐ.എസ്.ആര്‍.ഒ മേധാവി കെ. ശിവന്‍. ഇതിനായുള്ള ശ്രമം തുടരുന്നതായും പ്രതികരണം. അവസാന നിമിഷങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളില്‍ ആണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം നടക്കാതെ പോയത്.
6. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തെ സ്പര്‍ശിക്കുന്നതിന് നിമിഷങ്ങള്‍ മുന്‍പ് ലാന്‍ഡറും ഐ.എസ്.ആര്‍.ഒയും തമ്മിലുള്ള ആശയ വിനിമയം നഷ്ടപ്പെടുക ആയിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് ലാന്‍ഡറിന്റെ ഗതി മാറുന്നതും ബന്ധം നഷ്ടപ്പെടുന്നതും. വളരെ സങ്കീര്‍ണം ആയിരുന്നു ചന്ദ്രനില്‍ ഇറങ്ങുന്നതിനു മുമ്പുള്ള ലാന്‍ഡറിന്റെ അവസാന 15 മിനിറ്റ് സമയത്തെ ദൗത്യം. അതിനു 37 ശതമാനം മാത്രമാണ് വിജയ സാധ്യതയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ നേരത്തേ പറഞ്ഞിരുന്നു.
7. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ട് ഏറിയതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കാനുള്ള ഐ.എസ.്ആര്‍.ഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നും നാസ
8. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് പുതിയ ഗ്രാമ പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് നാല്പതിലധികം പുതിയ പഞ്ചായത്തുകള്‍ ആവും രൂപീകരിക്കുക
9. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ശരാശരി ജനസംഖ്യ 27,430 ആണ്. എന്നാല്‍ പല പഞ്ചായത്തുകളിലും 50,000 ത്തിലധികം ജനസംഖ്യയുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്തുകളെ വിഭജിക്കുകയോ രണ്ടോ മൂന്നോ പഞ്ചായത്തുകളിലെ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പുതിയ പഞ്ചായത്തുകളോ രൂപീകരിക്കണം. ഇതിന് അടിസ്ഥാനമാക്കാന്‍ കഴിയും വിധം തങ്ങളുടെ മേഖലയില്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ വിശദമായ വിവരം ഈ മാസം 20ന് മുമ്പായി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ട് ഇരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് സര്‍ക്കാര്‍ വിഭജിക്കേണ്ട പഞ്ചായത്തുകളുടെ ലിസ്റ്റ് തയാറാക്കി ഈ മാസം അവസാനത്തോടെ സര്‍ക്കാര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും
10. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മിറ്റിയാണ് അന്തിമമായി പഞ്ചായത്ത് വിഭജനം പൂര്‍ത്തിയാക്കുക. ജനസംഖ്യ പരിഗണിച്ച് 40 മുതല്‍ 50 വരെ പുതിയ പഞ്ചായത്തുകള്‍ ഉണ്ടായേക്കും എന്നാണ് വിവരം. എന്നാല്‍ പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റിയായോ മുന്‍സിപ്പിലാറ്റികളെ കോര്‍പറേഷനായോ ഉയര്‍ത്തില്ല. കഴിഞ്ഞ തവണ രൂപകൊണ്ട നഗരസഭകളുടെ അടിസ്ഥാന സൗകര്യം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്‌ക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. ആറ് കോര്‍പറേഷനുകളും 87 മുനിസിപ്പാലിറ്റികളും 941 ഗ്രാമ പഞ്ചായത്തുകളും ആണ് നിലവിലുള്ളത്