ന്യൂഡൽഹി: ഒരു രൂപാ വക്കീൽ, കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും വക്കീൽ, അഴിമതിക്കെതിരെ പോരാടുന്നവരുടെ ഉപദേശകൻ, വൻകിട കേസുകൾ, കൂട്ടിന് വിവാദങ്ങൾ... രാം ജത്‌മലാനിയുടെ 76 വർഷം നീണ്ട അഭിഭാഷക ജീവിതം സംഭവബഹുലമായിരുന്നു. കോടതിമുറിയിലെ ഇതിഹാസമായിരുന്നു രാം ജത്‌മലാനി.സുപ്രീം കോടതിയിലെ ഏറ്റവും ‘വിലപിടിപ്പുള്ള’ അഭിഭാഷകൻ. ബുദ്ധിയും സൂക്ഷ്മ നിരീക്ഷണവും മേമ്പൊടിക്ക് കാമ്പുള്ള ഫലിതവും സമന്വയിപ്പിച്ച ജത്‌മലാനിയുടെ വാദങ്ങളും നിലപാടുകളും കോടതിമുറിയെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യയൊന്നാകെ അത്ഭുതാദരങ്ങളോടെ നോക്കികണ്ട വ്യക്തിത്വം.
1923 സെപ്തംബർ 14ന് ഇപ്പോഴത്തെ പാകിസ്ഥാനിലെ സിന്ധിൽ ജനനം. പഠിക്കാൻ മിടുക്കനായതിനാൽ ട്രിപ്പിൾ പ്രമോഷനോടെ 13ാംവയസിൽ മെട്രിക്കുലേഷൻ പാസായി. കുറഞ്ഞത് 21 വയസിൽ പാസാകേണ്ട എൽ.എൽ.ബി 17-ാം വയസിൽ പാസായി. വക്കീലായി എൻറോൾ ചെയ്യാൻ പ്രായമായില്ലെന്ന് ചട്ടം. സിന്ധിലെ കോടതിയുടെ പ്രത്യേകാനുമതിയോടെ 18ാം വയസിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. വിഭജനം വരെ കറാച്ചിയിൽ അഭിഭാഷകൻ. വിഭജനത്തെ തുടർന്ന് ബോംബയിലേക്ക് അഭയാർത്ഥിയായി കുടിയേറി.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷകനുമായിരുന്നു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ, സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് പദവികൾ വഹിച്ചു.
ആദ്യത്തെ കക്ഷിയിൽ നിന്ന് വക്കീൽ ഫീസായി സ്വീകരിച്ചത് വെറും ഒരു രൂപ. പിന്നീട് ഫീസ് കോടികളായി ഉയർന്നു. വക്കാലത്തുകളിൽ 90 ശതമാനവും സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 76 വർഷം നീണ്ട അഭിഭാഷകവൃത്തിയിൽ നിന്ന് 2017ൽ വിരമിക്കൽ പ്രഖ്യാപിച്ചു.
പ്രതികൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകർ ഭരണഘടനാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉറപ്പുവരുത്തുന്ന ധർമ്മമാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. അവമതിക്കു വിധേയരായവരും കുറ്റാരോപിതരുമാണ് നിയമരംഗത്തെ നാഴികകല്ലുകൾ തീർത്തതെന്ന് ഒരവസരത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അഴിമതിയാരോപണം നേരിട്ട രാഷ്ട്രീയ നേതാക്കൾക്കും കുപ്രസിദ്ധരായ തട്ടിപ്പുകേസ് പ്രതികൾക്കും വേണ്ടി ഹാജാരായ ജത്‌മലാനി തന്നെയാണ്, വിദേശത്ത് നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരാൻ പോരാട്ട മുഖം തുറന്നത്.
വിവാദ 'നായകൻ'
രാജ്യം ഞെട്ടിയ പല ക്രിമിനൽ, അഴിമതി കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി വാദിച്ച 'വിവാദ' അഭിഭാഷകനായിരുന്നു രാംജത് മലാനി. അദ്ദേഹം വാദിച്ച പ്രധാന കേസുകളിതാ.
ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധക്കേസുകളിൽ പ്രതികൾക്കു വേണ്ടി ഹാജരായത് പ്രതിഷേധങ്ങൾക്ക് കാരണമായി.
ഹാജി മസ്താൻ ഉൾപ്പെടെ മുംബയിലെ പല കള്ളക്കടത്തുകാരുടെയും കേസുകൾ വാദിച്ച ജത്‌മലാനി ‘കള്ളക്കടത്തുകാരുടെ വക്കീൽ’ എന്നറിയപ്പെട്ടിരുന്നു
പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവർക്കു വേണ്ടി ഹാജരായി
ഓഹരി കുംഭകോണക്കേസിലെ പ്രതി ഹർഷദ് മേത്തയുടെ അഭിഭാഷകനായിരുന്നു.
ജസീക്ക ലാൽ വധക്കേസിൽ പ്രതിയായ മനുശർമ്മയ്‌ക്ക് വേണ്ടി ഹാജരായി
ഹവാല അഴിമതി കേസിൽ എൽ.കെ അദ്വാനി, സൊഹറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ,
ടൂ - ജി സ്‌പെക്ട്രം കേസിൽ കനിമൊഴി, അരുൺ ജയ്‌റ്റലി നൽകിയ അപകീർത്തികേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത, ഖനന അഴിമതികേസിൽ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ, കാലത്തീറ്റകേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവർക്ക് വേണ്ടി വിവിധ കോടതികളിൽ വാദിച്ചു.