ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് പാകിസ്താനും തായ്‌ലൻഡും ഭിഷണിയാകുന്നു. അരിക്ക് കേന്ദ്രസർക്കാർ ഉയർന്ന താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് - എം.എസ്.പി) ഏർപ്പെടുത്തിയതോടെ, വില കൂടിയതാണ് അന്താരാഷ്‌ട്ര വിപണിയിൽ തിരിച്ചടിയായത്. നിലവാരത്തിൽ ഏറ്റവും മുന്നിലായിട്ടും വിലവർദ്ധനയാണ് ഇന്ത്യൻ അരിയെ വലയ്‌ക്കുന്നത്.
അതേസമയം, ഒട്ടും നിലവാരമില്ലാത്ത പാകിസ്താൻ, തായ്‌ലൻഡ്, വിയറ്റ്‌നാം അരികൾ വിലക്കുറവിന്റെ പിൻബലത്തിൽ മികച്ച ഡിമാൻഡും സ്വന്തമാക്കുന്നുവെന്ന് പ്രമുഖ ഓൺലൈൻ ലോജിസ്‌റ്റിക്‌സ് മാർക്കറ്റ്പ്ളേസായ കോഗോപോർട്ട് വ്യക്തമാക്കി. ഈവർഷം ഇന്ത്യയിൽ നിന്നുള്ള നോൺ-ബസുമതി അരി കയറ്റുമതി നഷ്‌ടം കുറിക്കുമെന്നാണ് വിലയിരുത്തൽ. ബസുമതി അരി കയറ്റുമതി വർദ്ധിക്കുമെങ്കിലും വളർച്ചാനിരക്ക് കുറവായിരിക്കും.
2018-19 ഖരീഫ് സീസണിൽ ഇന്ത്യൻ നെല്ലുത്‌പാദനം 2.5 ശതമാനം വർദ്ധിച്ച് 115 മില്യൺ ടണ്ണിലെത്തുമെന്നാണ് കരുതുന്നത്. താങ്ങുവില നിയന്ത്രിച്ചും കയറ്റുമതി വളർച്ചയ്ക്ക് ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കിയും കയറ്റുമതി വളർച്ച നേടാനാകുമെന്നും കോഗോപോർട്ട് വ്യക്തമാക്കി. വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഈജിപ്‌ത്, ചൈന, മെക്‌സിക്കോ, മലേഷ്യ, ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ വിപണി വളർത്തി ഇന്ത്യയ്ക്ക് നേട്ടം കൊയ്യാനാകും.