vijayakamala

ചെന്നൈ: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണിയുടെ രാജിയെ തുടർന്ന് ചെന്നൈയിൽ അഭിഭാഷകർ കൂട്ട പ്രതിഷേധത്തിലേക്ക്. ഹൈക്കോടതി അഭിഭാഷകരുടെ സംഘടന നാളെ കോടതി നടപടികൾ ബഹിഷ്‌കരിക്കും. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ചാണ് താഹിൽ രമണി കഴിഞ്ഞദിവസം രാജിവച്ചത്. രമണിയുടെ സ്ഥലംമാറ്റത്തിന് സുപ്രീം കോടതി കൊളീജിയം വ്യക്തമായ കാരണം നൽകണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന് അഭിഭാഷക സംഘടന നേരത്തേ കൊളീജിയത്തിന് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബഹിഷ്‌കരണ സമരം. സംഘടനയിലെ 18,000- ത്തോളം അഭിഭാഷകർ നാളെ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഹൈക്കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട നടപടികൾ വൈകിക്കും.

സ്ഥലംമാറ്റ ഉത്തരവ് പുന:പരിശോധിക്കണമെന്ന് താഹിൽ രമണി നിവേദനം നൽകിയിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടർന്ന് ജഡ്ജിമാരുടെ യോഗത്തിൽ രാജിതീരുമാനം പ്രഖ്യാപിച്ച ശേഷമാണ് രമണി രാഷ്‌ട്രപതിക്ക് രാജിക്കത്ത് നൽകിയത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെയാണ് താഹിൽ രമണിക്കു പകരം ചെന്നൈ ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്.

ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളെ വിട്ടയയ്ക്കാനുള്ള വിചാരണ കോടതിയുടെ തീരുമാനം മുംബയ് ഹൈക്കോടതി റദ്ദാക്കിയത് താഹിൽ രമണി ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് ആയിരിക്കെയാണ്.