വാഷിംഗ്ടൺ: താലിബാനുമായും അഫ്ഗാനിസ്ഥാൻ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചർച്ച റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാനുമായി സമാധാന ഉടമ്പടി ഉണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻതിരിയുന്നതായും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. കാബൂളിൽ അമേരിക്കൻ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
' വളരെ പ്രധാനപ്പെട്ട സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽപോലും അവർക്ക് വെടിനിറുത്തൽ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, 12 നിരപരാധികളെ കൊന്നുകളയാമെന്നാണെങ്കിൽ, അർത്ഥവത്തായ ഒരു കരാറിനെ കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് അധികാരമില്ല' ട്രംപ് ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിൽ 18 വർഷമായി നടന്നുവരുന്ന താലിബാൻ യു.എസ് ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞായറാഴ്ച ക്യാമ്പ് ഡേവിഡിൽ വച്ച് താലിബാൻ നേതാക്കളുമായി സമാധാന ചർച്ചകൾ നടത്താൻ തീരുമാനിച്ചിരുന്നത്.
വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ആക്രമണം നടത്തിയത്. അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്‌പോസ്റ്റിനെ ലക്ഷ്യമിട്ടായിരുന്നു കാർ ബോംബ് സ്‌ഫോടനം. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗമായ നാഷണൽ സെക്യൂരിറ്റി ഡയറക്ടറേറ്റും ഉൾപ്പെടെ നിരവധി പ്രധാന സമുച്ചയങ്ങളും ഇവിടെയുണ്ട്. ഈ വർഷം മാത്രം അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ഇതുവരെ 16 കടന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുക്കുന്നതായി അവരുടെ വക്താവ് സാബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഫ്ഗാനിസ്ഥാനിൽ നിന്നു അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാൽ മേഖലയിലെ ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാൽ ഒമ്പത് ചർച്ചകൾ കഴിഞ്ഞിട്ടും താലിബാൻ ഭീകരാക്രമണം തുടരുകയാണ്.