കുറ്റ്യാടി (കോഴിക്കോട്): മരുതോങ്കര കടന്തറപ്പുഴയിൽ കയാക്കിംഗ് പരിശീലനത്തിനിടെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ബംഗളൂരുവിൽ നിന്നുള്ള അഞ്ചംഗ സംഘത്തിലെ മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആലപ്പുഴ സ്വദേശി എൽവിൻ നൈനാൻ (41), ബംഗളൂരു സ്വദേശി നവീൻ ഷെട്ടി (40) എന്നിവരാണ് മരിച്ചത്. അമിത് ഥാപ്പ (ഉത്തരാഖണ്ഡ്), മണി സന്തോഷ് (ബംഗളൂരു) ബാബു പ്രീത് (ഡൽഹി) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കടന്തറപ്പുഴയിലെ ചെടയൻതോട്ടിലാണ് അപകടം. കുത്തൊഴുക്കിൽ ഒലിച്ചുപോയവരിൽ ഒരാളുടെ മൃതദേഹം സെന്റർ മുക്ക് പാലത്തിനടുത്തും മറ്രൊരാളുടേത് പന്നിക്കോട്ടൂർ തുരുത്തിമുക്കിനടുത്ത് വെച്ചും നാട്ടുകാർ കണ്ടെടുക്കുകയായിരുന്നു. ഇന്നലെ കാലത്ത് മുതൽ മലയോരമേഖലയിൽ കനത്ത മഴയായിരുന്നു. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇവരുടെ കയാക്കിംഗ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിനിടയാക്കിയത്. ഈ സംഘം മുമ്പും ഇവിടെ കയാക്കിംഗ് പരിശീലനത്തിന് എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുറ്റ്യാടി സി.ഐ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി.