1. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും ആയി കോണ്‍ഗ്രസ് തിങ്കളാഴ്ച കോട്ടയത്ത് വച്ച് സമവായ ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ ജോസഫ് വിഭാഗം നേതാക്കളും ആയി ചര്‍ച്ച നടത്തും. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന ആത്മവിശ്വാസത്തില്‍ ആണ് കോണ്‍ഗ്രസ്.
2. പി.ജെ. ജോസഫ് വിഭാഗം സമാന്തര കണ്‍വെന്‍ഷനുകള്‍ വിളിക്കും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫുമായി പലതവണ ആശയ വിനിമയം നടത്തുകയും സമാന്തര കണ്‍വെന്‍ഷനുകളും ആയി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ നിന്ന് ജോസഫ് വിഭാഗം പിന്‍മാറുകയും ചെയ്തിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം ഒരുങ്ങുന്നത്, അനുനയ ശ്രമങ്ങള്‍ ഭാഗികമായി വിജയിച്ച സാഹചര്യത്തില്‍. ചര്‍ച്ചയോടെ ഒരുമിച്ച് പ്രചാരണ പരിപാടികളും ആയി മുന്നോട്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ജോസഫ് വിഭാഗം നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ജോസ്.കെ മാണി വിഭാഗത്തിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാവരുത് എന്ന ആവശ്യം ജോസഫ് വിഭാഗം മുന്നോട്ടുവെക്കും.
3. സോഫ്റ്റ് ലാന്‍ഡിംഗിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി. ചന്ദ്രോപരിതലത്തില്‍ ഉള്ള ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ ആണ് പകര്‍ത്തിയത്. അതേസമയം, ലാന്‍ഡറും ആയുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ ആയില്ലെന്ന് ഐ.എസ്.ആര്‍.ഒ മേധാവി കെ. ശിവന്‍. ഇതിനായുള്ള ശ്രമം തുടരുന്നതായും പ്രതികരണം. അവസാന നിമിഷങ്ങളിലെ സാങ്കേതിക പ്രശ്നങ്ങളില്‍ ആണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്നം നടക്കാതെ പോയത്. ലാന്‍ഡറിനെ ഓര്‍ബിറ്റര്‍ കണ്ടെത്തി എന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരള കൗമുദിയാണ്.
4. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തെ സ്പര്‍ശിക്കുന്നതിന് നിമിഷങ്ങള്‍ മുന്‍പ് ലാന്‍ഡറും ഐ.എസ്.ആര്‍.ഒയും തമ്മിലുള്ള ആശയ വിനിമയം നഷ്ടപ്പെടുക ആയിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ മുകളില്‍ വച്ചാണ് ലാന്‍ഡറിന്റെ ഗതി മാറുന്നതും ബന്ധം നഷ്ടപ്പെടുന്നതും. വളരെ സങ്കീര്‍ണം ആയിരുന്നു ചന്ദ്രനില്‍ ഇറങ്ങുന്നതിനു മുമ്പുള്ള ലാന്‍ഡറിന്റെ അവസാന 15 മിനിറ്റ് സമയത്തെ ദൗത്യം. അതിനു 37 ശതമാനം മാത്രമാണ് വിജയ സാധ്യതയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ നേരത്തേ പറഞ്ഞിരുന്നു.
5. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശ ദൗത്യങ്ങളെല്ലാം ബുദ്ധിമുട്ട് ഏറിയതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ ഇറക്കാനുള്ള ഐ.എസ.്ആര്‍.ഒയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നും നാസ
6. കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജ്ജിന് തിരിച്ചടി. ജോയ്സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ഭൂമിയുടെ ഉടമസ്ഥ അവകാശം സ്ഥാപിക്കുന്നതിന് ഉള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 116, 118 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്.
7. 2017 നവംബറില്‍ ജോയ്സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇടുക്കി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ വീണ്ടും റദ്ദാക്കിയത്.
8. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉള്ള ഉത്തരവില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ക്കും മരട് നഗരഭയ്ക്കും സര്‍ക്കാരിന്റെ കത്ത്. ഫ്ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണം എന്നും ആവശ്യം. ഇക്കാര്യത്തില്‍ മരട് നഗരസഭയ്ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താമസക്കാരുടെ പുനരധിവാസം ജില്ലാ കളക്ടറുമായി ആലോചിച്ചു തീരുമാനിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
9. തീരദേശ പരിപാലന നിയമം ലംഘിച്ച് കാലയോരത്ത് നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഈ മാസം 20ന് അകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് സുപ്രീംകോടതി സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം. അഞ്ച് കെട്ടിടങ്ങളിലായി 500 ലേറെ ഫ്ളാറ്റുകളുണ്ട്. ഇതില്‍ 350 ഫ്ളാറ്റുകളില്‍ ആണ് താമസക്കാര്‍ ഉള്ളത്. 23ന് കേസ് പരിഗണിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 20ന് അകം ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കിയില്ല എങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന മുന്നയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആണ് ഫ്ളാറ്റിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തുനല്‍കിയത്.
10. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ അജ്മാന്‍ കോടതിയില്‍ നിലവില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. പരാതിക്കാരന്റെ വാദം നില നില്‍ക്കുന്നത് അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിന് എതിരായ ഹര്‍ജി കോടതി തള്ളിയത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
|
|
|