തിരുവനന്തപുരം: തൃശൂർ ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവായ നൗഷാദിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനും എസ്.ഡി.പി.ഐ നേതാവുമായ കാരി ഷാജി പിടിയിൽ. പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഏരിയ പ്രസിഡന്റ് പുന്ന അറയ്ക്കൽ ജമാലുദ്ദീനെതിരെ (കാരി ഷാജി 49 ) നേരത്തെ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നാണ് കേസ് അന്വേഷിക്കുന്ന സംഘം ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.
കേസിൽ ഗൂഢാലോചന നടത്തിയ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ സ്വദേശി കരിപ്പയിൽ ഫാമിസ് അബൂബക്കർ (43),എസ്.ഡി.പി.ഐ പ്രവർത്തകനായ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ (26), പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലായ് 30ന് വൈകീട്ട് ആറരയോടെയാണ് പതിനഞ്ചംഗ കൊലയാളി സംഘം ഏഴ് ബൈക്കുകളിലെത്തി ചാവക്കാട് പുന്ന സെന്ററിൽ വെച്ച് നൗഷാദ് അടക്കം നാലുപേരെ വെട്ടി പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരണമടഞ്ഞു. കേസിലകപ്പെട്ട മറ്റു പ്രതികളെയും ഉടനെ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.