venkatesh

കോഴിക്കോട്: മഹാപ്രളയത്തിനിടെ സ്വന്തം ജീവൻ മറന്ന് ആംബുലൻസിന് വഴികാട്ടിയായ ബാലനെ കോഴിക്കോട്ടുകാർ ഏറ്റെടുക്കുകയാണ്. കർണാടകയിലെ റായ്ചൂർ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥി വെങ്കടേശിന് പുതിയ വീടുവച്ചു നൽകുമെന്ന് ഹെൽപ്പിംഗ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രഖ്യാപിച്ചു. സന്നദ്ധസംഘടനയായ ഫോക്കസ് ഇന്ത്യയുടെയും കുറ്റ്യാടി എം.ഐ.യു.പി സ്‌കൂൾ പി.ടി.എ കമ്മിറ്റിയുടെയും സഹകരണത്തോടെയായിരിക്കും ഇതിനായുള്ള പ്രവർത്തനം.

മെഡിക്കൽ കോളേജിനു സമീപത്തെ കെയർ ഹോമിൽ കോഴിക്കോട് പൗരാവലി ഒരുക്കിയ സ്വീകരണച്ചടങ്ങിലായിരുന്നു ട്രസ്റ്റിന്റെ പ്രഖ്യാപനം.


 രാജ്യം നെഞ്ചേറ്റിയ സാഹസികത

റായ്ചൂരിലെ ഹിരാറായികുംപെയിൽ പ്രളയത്തിൽ വെള്ളം കയറി മുന്നോട്ടുനീങ്ങാനാവാതെ നിന്ന ആംബുലൻസിന്റെ മുന്നിലോടി വഴികാട്ടുകയായിരുന്നു 12-കാരൻ വെങ്കടേശ്. കൊച്ചുകുട്ടിയുടെ ഈ അസാമാന്യ ധൈര്യത്തിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. നിർദ്ധനകുടുംബാംഗമായ വെങ്കിടേശിന് ഇവിടെ സ്വീകരണമൊരുക്കാനും നാട്ടിൽ വീട് വച്ചുകൊടുക്കാനും വൈകാതെ തീരുമാനിക്കുകയായിരുന്നു ഹെൽപ്പിംഗ് ഹാൻഡ്സിന്റെ ഭാരവാഹികൾ.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദരച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെങ്കടേശിനെ ആദരിക്കുന്നതിലൂടെ കോഴിക്കോട് അതിന്റെ നന്മ വീണ്ടും വിളംബരംചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യാതിഥിയായ ജില്ലാ കളക്ടർ സാംബശിവ റാവു വെങ്കടേശിന് ഉപഹാരം നൽകി. കെയർ നേച്ചർ കൺവീനർ മജീദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. 'കോഴിക്കോട് ടു റായ്ചൂർ" പദ്ധതിരേഖ എൻ.പി. ശക്കീർ അവതരിപ്പിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി. സിദ്ദിഖ്, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് വസീഫ് വളപ്പിൽ, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈർ, മിംസ് ഡയറക്ടർ ഡോ. സലാഹുദ്ദീൻ, കോർപറേഷൻ കൗൺസിലർ ഷറീന വിജയൻ, എം.കെ.രമേഷ്, പി.രമേശ് ബാബു, സക്കീർ കോവൂർ, എം.എ. ജോൺസൺ, ബന്ന ചേന്ദമംഗലൂർ, കെ.പി.യു.അലി, ആർക്കിടെക്ട് ജാഫറലി പാറക്കൽ, യു.എ.മുനീർ, സലീം പാറക്കൽ, സാലിം ജീറോഡ്, റഫീഖ് ചാലക്കര തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് നൗഷിയുടെ പ്രളയഗാനത്തിനു പുറമേ കാരിക്കേച്ചറിസ്റ്റ് നൗഷാദ് വെള്ളലശേരിയുടെ തത്സമയവരയുമുണ്ടായിരുന്നു.