jnu-campus

ന്യൂഡൽഹി: ജെ.എൻ.യുവിൽ ഇടതു വിദ്യാർത്ഥി സഖ്യത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാർ രംഗത്ത്. തിരഞ്ഞെടുപ്പിൽ പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടത് വിദ്യാർത്ഥി സഖ്യം മുന്നിലാണ്. പ്രാധാപ്പെട്ട പോസ്റ്റുകളിുൽ എസ്.എഫ്‌.ഐ-എ.ഐ.എസ്.എഫ്-എ.ഐ.എസ്.എ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ സെപ്റ്റംബർ 17വരെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുത് എന്ന് ഡൽഹി ഹൈക്കോടതി വിധി വന്നതിനാൽ അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ ഇടതുവിദ്യാർത്ഥി പ്രസ്ഥാനങ്ങലെ അഭിനന്ദിച്ച് കനയ്യ രംഗത്ത് വന്നത്. 'ജെ.എൻ.യുവിൽ ഭഗത് സിങും ഗാന്ധിയും അംബേദ്കറും ജയിച്ചു, ഹെഡ്‌ഗെവറും ഗോൽവൽക്കറും സവര്‍ക്കറും തോറ്റു'- അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് ഒരു കൂട്ടായ്മയുടെ വിജയമല്ലെന്നും ജനാധിപത്യവും സോഷ്യലിസവും പുരോഗമനവും ഉയർത്തിപ്പിടിക്കുന്നവരുടെ വിജയമാണെന്നും കനയ്യ കൂട്ടിച്ചേർത്തു.

എസ്.എഫ്‌.ഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ആയെഷി ഘോഷ് 2,069ലോട്ടിന് ലീഡ് ചെയ്യുകയാണ്. എ.ബി.വി.പിയുടെ മനിഷ് ജൻഗിത് 981 വോട്ട് നേടി മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ബിർസ അംബേദ്കർ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ 985 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സാകേത് മൂൺ 3,028വോട്ട് നേടി ലീഡ് ചെയ്യുന്നു. എ.ബി.വി.പി സ്ഥാനാർത്ഥി ശ്രുതി അഗ്നിഹോത്രി 1,165വോട്ടുമായി ഏറെ പിന്നിലാണ്.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സതീഷ് ചന്ദ്ര യാദവ് 2,228വോട്ടിന് മുന്നിൽ നിൽക്കുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ എം.ഡി ഡാനീഷ് 2,938വോട്ടിന് ലീഡ് ചെയ്യുന്നു.