മുംബയ്: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ വേണ്ടി ഡിറ്റൻഷൻ സെന്റർ തുടങ്ങുന്നതിന് മുംബയ്‌ക്കടുത്ത് സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നവി മുംബയ് പ്ലാനിംഗ് അതോറിറ്റിക്ക് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചതായി റിപ്പോർട്ട്. അസാമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്നും 19 ലക്ഷം പേരെ പുറത്താക്കിയതിന് ശേഷം മഹാരാഷ്ട്രയിലേക്കും ഈ നീക്കം വ്യാപിപ്പിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ സംഭവവികാസം. എൻ.ഡി.ടി.വിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
മുംബയിൽ നിന്നും 20 കിലോമീറ്റർ അകലെ നവി മുംബയ്‌ക്കടുത്ത് റെസിഡൻഷ്യൽ ആൻഡ് കൊമേഷ്യൽ ഏരിയയായ നെറൂലിൽ രണ്ടോ മൂന്നോ ഏക്കർ സ്ഥലം വിട്ടുനൽകണമെന്നാണ് കത്തിലെ ആവശ്യമെന്ന് നവി മുംബയ് പ്ലാനിംഗ് അതോറിറ്റിയിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്നാണ് വാർത്ത. എന്നാൽ ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ എല്ലാ കുടിയേറ്റ കേന്ദ്രങ്ങളിലും ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനുള്ള മാർഗരേഖയും കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് ഡിറ്റൻഷൻ സെന്ററുകൾ സ്ഥാപിക്കാനുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് നിരവധി അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ ഉണ്ടെന്നും ഇവരെ പുറത്താക്കണമെന്നും ശിവസേന കാലങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.അസാമിൽ നടപ്പിലാക്കിയ മാതൃകയിൽ ദേശീയ പൗരത്വ പട്ടിക മഹാരാഷ്ട്രയിലും നടപ്പിലാക്കണമെന്ന് കഴിഞ്ഞ ആഴ്‌ച ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടിരുന്നു. അസാമിലെ യഥാർത്ഥ പൗരന്മാരെ സംരക്ഷിക്കുന്നതിന് ദേശീയ പൗരത്വ പട്ടിക വേണ്ടിവന്നു. അതുകൊണ്ടാണ് എൻ.സി.ആറിനെ ശിവസേന പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോൾ ബംഗ്ലാദേശികൾ ചിതലുകളാണെന്നും അവരെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്നും അമിത് ഷായും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും പൗരത്വ പരിശോധന നടപ്പിലാക്കുമെന്നതും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദ്ധാനങ്ങളിൽ ഒന്നായിരുന്നു. കഴിഞ്ഞ ജൂലായിൽ രാജ്യസഭയിൽ നടന്ന ചർച്ചയിലും ഇതേ നിലപാട് അമിത് ഷാ ആവർത്തിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ രാജ്യത്തിന്റെ ഓരോ ഇഞ്ചും പരിശോധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാജ്യത്ത് അനധികൃതമായി തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് അടുത്തിടെ നടന്ന നോർത്ത് ഈസ്‌റ്റ് കൗൺസിൽ യോഗത്തിലും അമിത് ഷാ വ്യക്തമാക്കി. അസാം മാതൃകയിൽ പൗരത്വ പട്ടിക നടപ്പിലാക്കണമെന്ന് ബീഹാറിലെ ബി.ജെ.പി മന്ത്രിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മേയിൽ 50 കോടി ചെലവിട്ട് സ്ഥാപിച്ച ഡിറ്റൻഷൻ സെന്റർ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്‌തിരുന്നു. അസാമിലെ പൗരത്വ പട്ടികയിൽ നിന്നും പുറത്തായവരെ നിലവിൽ താമസിപ്പിക്കുന്നത് ജയിലുകളിലാണ്. എന്നാൽ സംസ്ഥാനത്ത് മൂവായിരം പേരെ വച്ച് താമസിപ്പിക്കാൻ കഴിയുന്ന 10 ഡിറ്റൻഷൻ സെന്ററുകളുടെ നിർമാണം അസാമിൽ തുടങ്ങിയതായാണ് റിപ്പോർട്ട്.