ന്യൂയോർക്ക്: റഷ്യൻ താരം ഡാനിൽ മെദ്‌വെദേവിനെ കീഴടക്കി റാഫേൽ നദാലിന് യു.എസ് ഓപ്പൺ ടെന്നീസ് കിരീടം. നദാലിന്റെ കരിയറിലെ പത്തൊൻപതാം ഗ്രാൻസ്ലാം കിരീടം കൂടിയാണിത്. അഞ്ച് മണിക്കൂറോളം കാണികളെ മുൾമുനയിൽ നിറുത്തിയ മത്സരത്തിനെടുവിലായിലായിരുന്നു നദാലിന്റെ കീരീട നേട്ടം. ഇനി റോജർ ഫെഡററുടെ 20 ഗ്രാൻസ്ലാമെന്ന നേട്ടത്തിനൊപ്പമെത്താൻ നദാലിന് ഒരൊറ്റ കിരീടം കൂടി മതി. ഗ്രാൻസ്ലാമിലെ ആദ്യ ഫൈനലെന്ന ആശങ്കകളില്ലാതെ ആയിരുന്നു റഷ്യൻ താരമായ മെദ്‌വെദേവ് രണ്ടാം സീഡായ നദാലിന് മുന്നിൽ കളിച്ചത്. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെട്ടിട്ടും മൂന്നാം സെറ്റിൽ റഷ്യൻ താരം തിരിച്ചുവന്നു. 5-7ന് മൂന്നാം സെറ്റ് നേടി. നാലാം സെറ്റും മെദ്‌വെദേവ് നേടി. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കി നദാൽ പത്തെമ്പതാം കിരീടത്തിൽ മുത്തമിട്ടു. സ്‌കോർ: 7-5, 6-3, 5-7, 4-6, 6-4.
മുപ്പതുകാരനായ ശേഷം നദാലിന്റെ അഞ്ചാമത്തെ പ്രധാനപ്പെട്ട കിരീടമാണിത്. നൊവാക് ദ്യോക്കോവിച്ചിനേയും റോജർ ഫെഡററേയും നേരിടാതെ ഫൈനലിലെത്തി നദാൽ കിരീടം നേടുന്നത് മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ്. രണ്ടു വർഷം മുമ്പ് സെമി ഫൈനലിൽ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയേയും ഫൈനലിൽ കെവിൻ ആൻഡേഴ്‌സണേയും കീഴടക്കി കിരീടം നേടിയിരുന്നു. കിരീടത്തിന്റെ എണ്ണത്തിൽ ഫെഡറർക്കും നദാലിനും താഴെ ദ്യോക്കോവിച്ചാണുളളത്. ദ്യോകോയുടെ അക്കൗണ്ടിൽ 16 കിരീടങ്ങളുണ്ട്. 14 കിരീടവുമായി പീറ്റ് സാംപ്രസ് നാലാമതാണ്.