keerthy

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. അടുത്തിടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് വരെ കീർത്തിയെ തേടിയെത്തി. നടി മേനകയുടേയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെയും മകളായ കീർത്തിയോട് സിനിമാ പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട്.

വർഷങ്ങളായി സിനിമാ രംഗത്തുള്ള വ്യക്തിയാണ് സുരേഷ് കുമാർ. എന്നാൽ കാരവൻ സംസ്കാരത്തോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. ഇപ്പോഴിതാ കാരവനോട് തനിക്കുണ്ടായിരുന്ന അനിഷ്ടം അറിയാവുന്ന മമ്മൂട്ടി, കീർത്തിയോട് പറഞ്ഞ വാക്കുകളെപ്പറ്റി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

അടുത്തിടെ കുടുംബവുമൊത്ത് മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടിൽ പോയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 'മമ്മൂക്ക കീർത്തിയെ കൂട്ടിക്കൊണ്ടുപോയി കാരവനൊക്ക കാണിച്ചിട്ട് പറഞ്ഞു, നീയും ഇതുപോലൊന്ന് വാങ്ങണം.പക്ഷേ നിന്റെ അച്ഛൻ സമ്മതിക്കില്ല. അവൻ ഇതിന് എതിരാണ്'-സുരേഷ് കുമാർ പറഞ്ഞു.

പഴയ കാലത്തെ അവസ്ഥവച്ചാണ് താൻ കാരവനെ എതി‌ർത്തതെന്ന് അദ്ദേഹം പറയുന്നു. പണ്ട് ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെ മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്ന് സംസാരിക്കും. ചില നടന്മാർ കാരവനിൽ അഭയം തേടിയപ്പോൾ ആ സ്നേഹബന്ധം പോകുമല്ലോ എന്നോർത്താണ് താൻ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലഘട്ടത്തോട് പൊരുത്തപ്പെടാൻ സമയമെടുത്തുവെന്നതാണ് വാസ്തവമെന്നും,​ ഇന്ന് താൻ കാരവനിൽ ഇരിക്കുന്നത് കാണുമ്പോൾ കൂട്ടുകാർ കളിയാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.