ഇസ്ലാമാബാദ്: ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യം അവസാനഘട്ടത്തിൽ അനിശ്ചിതത്ത്വത്തിലായെങ്കിലും ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ വലയം വയ്ക്കുന്നുണ്ട്. ചാന്ദ്രയാൻ 2വിന്റെ ലാൻഡറായ വിക്രമുമായുള്ള ബന്ധം മാത്രമാണ് വിച്ഛേദിക്കപ്പെട്ട നിലയിലുള്ളത്. ലാൻഡർ ചന്ദ്രന്റെ 350 മീറ്റർ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരുന്നു. ചന്ദ്രയാൻ ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ നമീറാ സലീമും ദൗത്യത്തെ അനുമോദിച്ച് എത്തിയിരുന്നു. പാകിസ്ഥാൻ മന്ത്രിമാരുടെ പരിഹാസങ്ങളെ തള്ളിയാണ് പാക് ഗവേഷകയുടെ പ്രതികരണം.
ഇസ്രോ നടത്തിയ ചാന്ദ്ര ദൗത്യത്തെ അഭിനന്ദിക്കുന്നതായും ഈ ചരിത്ര ശ്രമം ഏറെ അഭിമാനകരമാണെന്നും അവർ പറഞ്ഞു. ദക്ഷിണേഷ്യയുടെ വൻ കുതിപ്പാണിതെന്നും ദക്ഷിണേഷ്യക്കാർക്കു മാത്രമല്ല ലോകത്തിനു മുഴുവൻ അഭിമാന നിമിഷമാണിതെന്നും നമീറ പറഞ്ഞു. ദക്ഷിണേഷ്യയിൽ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങൾ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവർ വ്യക്തമാക്കി.
പാകിസ്ഥാനിൽ നിന്നുമുള്ള ആദ്യ ബഹിരാകാശ യാത്രികയായ് നമീറ സലിം. 'ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആർ.ഒയുടേയും ഐതിഹാസിക വിജയത്തെ ഞാൻ അഭിനന്ദിക്കുന്നു. ചന്ദ്രയാൻ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നൽകുന്നു.' നമീറ സലിം പറഞ്ഞു.
ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സർ റിച്ചാർഡ് ബ്രാൻസന്റെ 'വിർജിൻ ഗാലക്ടിക്' എന്ന ബഹിരാകാശ പേടകത്തിലൂടെയാണ് നമീറ ബഹിരാകാശത്ത് എത്തിയത്. ബ്രാൻസന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമായിരുന്നു നമീറ.
ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ സമീപം വരെ വിക്രം ലാൻഡറിൽനിന്നു സിഗ്നലുകൾ ലഭിച്ചെങ്കിലും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നു. ഇതിനെ പരിഹസിച്ചാണ് പാക് മന്ത്രി ട്വീറ്റ് ചെയ്തത്. ‘എല്ലാവരും ഉറങ്ങിക്കോളൂ. ചന്ദ്രനിൽ ഇറങ്ങേണ്ടതിനു പകരം മുംബയിൽ കളിപ്പാട്ടം ഇറങ്ങി’ എന്നാണ് ദൗത്യത്തെ കളിയാക്കി മന്ത്രി ഫവാദ് ട്വിറ്ററിൽ കുറിച്ചത്.