ഗുരുഗ്രാം: ഉപേക്ഷിച്ച് പോയ ഭാര്യയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഭർത്താവിനെതിരെ ഹരിയാന പൊലീസ് കേസ് എടുത്തു.ഗുരുഗ്രാമിലെ ഫാറൂഖ്നഗറിലെ ഒരു തുണിമില്ലിൽ ജോലി ചെയ്യുന്ന 30 വയസുകാരിയാണ് തന്റെ അനുവാദമില്ലാതെ ഭർത്താവ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഇട്ടതായി കാണിച്ച് പൊലീസിന് പരാതി നൽകിയത്.
തന്നെ മനഃപൂർവം അപമാനിക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് ഇങ്ങനെ ചെയ്തതെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ആദ്യം പൊലീസിലെ സൈബർക്രൈം വകുപ്പുമായാണ് യുവതി ബന്ധപെട്ടത്. ഇവരുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് ഇവരെ മെൻസാറിലുള്ള വനിതാ പൊലീസ് സ്റ്റേഷനിലേക്ക് നയിച്ചു. ഇവിടെ വച്ചാണ് ഭർത്താവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ ഭർത്താവ് മറ്റൊരാളുടെ പ്രൊഫൈലിൽ നിന്നുമാണ് തന്റെ ഭാര്യയുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
'ഇയാളെ(ഭർത്താവിനെ) അധികം താമസിയാതെ തന്നെ അറസ്റ്റ് ചെയ്യും. സൈബർക്രൈം വകുപ്പ് വഴിയാണ് ആദ്യം പരാതി ലഭിച്ചത്. ഇരയുടെ ഫോട്ടോകൾ ആരാണ് അപ്പ്ലോഡ് ചെയ്തതെന്നും അത് എന്ത് ഉദ്ദേശം വച്ചായിരുന്നു എന്നും പൊലീസ് പരിശോധിക്കുകയാണ്. പൊലീസ് ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.' വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ, കവിത മാദ്ധ്യമങ്ങളോട് പറഞ്ഞു. 12 വർഷകാലം വിവാഹിതരായിരുന്ന ഭാര്യയും ഭർത്താവും അടുത്തിടെയാണ് വിവാഹമോചിതരാകാൻ തീരുമാനിച്ചത്.