ഫ്‌ളോറിഡ : അമേരിക്കയിൽ നിന്നുള്ള ഒരു കള്ളന്റെ വാക്കുകളാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയുന്നത്. വീട്ടിൽ അതിക്രമിച്ച് കയറി പാചകം ചെയ്യുന്നതിനിടെയാണ് കള്ളൻ പിടിയിലായത്. ഫ്‌ളോറിഡയിലെ ഒരു വീട്ടിലാണ് അടുക്കളയിൽ നിന്നും രാത്രി അസാധാരണമായ ശബ്ദം കേട്ട് ഉണർന്നു ചെന്ന വീട്ടുകാർ പാചകം ചെയ്യുന്ന യുവാവിനെ കണ്ടത്. വീട്ടുകാർ ഉണർന്നതൊന്നും കാര്യമാക്കാതെ ഓടി രക്ഷപ്പെടാനൊന്നും പക്ഷേ കള്ളൻ തയ്യാറായില്ല. പകരം നിങ്ങൾ ഉറങ്ങിക്കോളൂ, ആഹാരം പാചകം ചെയ്ത് കഴിച്ച ശേഷം ഞാൻ പൊയ്‌ക്കോളാം എന്ന് വീട്ടുകാരോട് പറയുകയാണ് കള്ളൻ ചെയ്തത്. ഒരു നിമിഷം സ്തംബ്ദരായ വീട്ടുകാർ ഉടൻ പൊലീസിനെ വിളിക്കുകയായിരുന്നു. ഇനിയും പാചകം ചെയ്തുകൊണ്ട് നിന്നാൽ തടി കേടാവുമെന്ന് മനസിലായ കള്ളൻ അടുക്കളയിൽ നിന്നും ഇറങ്ങിയോടി വീടിനു പിന്നിലൊളിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. പൊലീസ് അന്വേഷണത്തിൽ വീട്ടിൽ കയറിയത് പത്തൊൻപതുകാരനായ ഗാവിൻ കാർവിനാണെന്നും ഇയാൾ മദ്യ ലഹരിയിലാണ് ഇപ്രകാരം പ്രവർത്തിച്ചതെന്നും കണ്ടെത്തി.