mohanlal-mammootty

പി.ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് പരദേശി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും, മികച്ച മേയ്‌ക്കപ്പ് ആർട്ടിസ്‌റ്റിനുള്ള ദേശീയ പുരസ്‌കാരവുമടക്കം നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടി എത്തി. ഭരണ സൗകര്യത്തിനായി ഇന്ത്യക്കും പാകിസ്ഥാനും അതിർത്തി നിശ്ചയിച്ചപ്പോൾ പിറന്നമണ്ണിൽ അന്യരായി പോയ ഹതഭാഗ്യരുടെ കഥയായിരുന്നു പരദേശി പറഞ്ഞത്. നായകനായ വലിയകത്ത് മൂസയെ പകരം വയ്‌ക്കാൻ കഴിയാത്ത രീതിയിൽ തന്നെ മോഹൻലാൽ അവിസ്‌മരണീയമാക്കി. അഞ്ച് മണിക്കൂറിലധികമാണ് കഥാപാത്രത്തിന്റെ ചമയത്തിനായി മോഹൻലാൽ ക്ഷമയോടെ ഇരുന്ന് കൊടുത്തത്.

എന്നാൽ ലാലിന് മുമ്പ് ആ വേഷത്തിലേക്കായി താൻ മമ്മൂട്ടിയെ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ. തിരക്കഥ പോലും കേൾക്കുന്നതിന് മുമ്പ് സമ്മതം മൂളിയ മമ്മൂട്ടി, പിന്നീട് അത് തനിക്ക് ഇഷ്‌ടപ്പെട്ടില്ലെന്ന് പറഞ്ഞ് സ്വയം ഒഴിവാകുകയായിരുന്നുവെന്നും പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പി.ടി കുഞ്ഞുമുഹമ്മദിന്റെ വാക്കുകൾ-

'തിരക്കഥയൊക്കെ പൂർത്തിയായപ്പോൾ ആരാണ് അഭിനയിക്കുക എന്ന വിഷയം വന്നു. ഞാൻ മമ്മൂട്ടിയുമൊക്കെ അന്ന് കൈരളിയിൽ വളരെ അടുപ്പത്തോടെ നിൽക്കുന്ന കാലമാണ്. അങ്ങനെ പാലക്കാട് ചെന്ന് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. തിരക്കഥ ഒന്നും നോക്കാതെ തന്നെ ചെയ്യാമെന്ന് വളരെ സന്തോഷത്തോടെ മമ്മൂട്ടി പറഞ്ഞു. ഒരു പ്രൊഡ്യൂസറെയും കിട്ടി. വളരെ സമ്പന്നനൊന്നും ആയിരുന്നില്ല അദ്ദേഹം. പ്രൊഡ്യൂസറുമായി വീണ്ടും രണ്ടു മൂന്ന് തവണ മമ്മൂട്ടിയെ കണ്ടു. അയോളോട് സാധാരണ മമ്മൂട്ടിയുടെതായ രീതിയിൽ സംസാരിച്ചു. അടുത്ത ആഴ്‌ച വരാനും പറഞ്ഞു. എന്നാൽ കുറച്ച് പൈസ അഡ്വാൻസ് ആയി നൽകുന്നതാണ് ബുദ്ധിയെന്ന് പ്രൊഡ്യൂസറോട് ഞാൻ പറഞ്ഞു.

അങ്ങനെ കാശ് കൊടുക്കാനായിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങുകയാണ് ഗുരുവായൂർ ഗസ്‌റ്റ് ഹൗസിലേക്ക്. അപ്പോൾ മമ്മൂട്ടിയുടെ ഫോൺ വന്നു. ഇത് കുറച്ചു നീട്ടി വയ്‌ക്ക്. അല്ലാതെ ഇപ്പോൾ ആലോചിക്കാൻ പറ്റില്ല എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ തിരക്കു കൊണ്ടൊക്കെ ആയിരിക്കും. എത്രകാലത്തേക്കാ ചെയർമാൻ നമ്മൾ നീട്ടി വയ്‌ക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. അല്ലാ അത് ഞാൻ പറയാം എന്നായിരുന്നു മറുപടി. എനിക്കത് ഇഷ്‌ടമായില്ല. എന്നാൽ അത് ഒഴിവാക്കാം എന്നു പറഞ്ഞ് ഞാൻ ഫോൺ വച്ചു. അദ്ദേഹം അദ്ദേഹത്തിന്റെതായ കാര്യം സത്യസന്ധമായി പറഞ്ഞതാണ്'.