a-k-saseendran

തിരുവനന്തപുരം: മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി സർക്കാർ നിയമോപദേശം തേടിയെന്നും വാഹന പരിശോധനകളിൽ അയവുവരുത്തിയെന്നും ഗതാഗതമന്ത്രി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെന്നും ഇത് നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എൽ.ഡി.എഫിന്റെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമലംഘനങ്ങൾക്ക് അഞ്ചിരട്ടി വരെ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഓണക്കാലം കഴിയും വരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് തീരുമാനം. ഓണത്തിനു ശേഷം സ്ഥിതി വീണ്ടും വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കും.

അതേസമയം,​ മോട്ടോർവാഹന നിയമഭേദഗതിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പരിഷ്കാരം അശാസ്ത്രീയമാണെന്നും വൻ അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയാവണമെന്നും ഉയർന്ന പിഴ വിപരീത ഫലം ഉണ്ടാക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേന്ദ്ര നിയമത്തിനെതിരെ എന്ത് ചെയ്യാൻ പറ്റുമെന്ന് ഗതാഗത വകുപ്പ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം പല നിയമങ്ങളും കൊണ്ടുവന്ന് ഫെഡറൽ ഘടന തകർക്കുന്നുവെന്നും പിഴ കൂട്ടുകയല്ല, നിയമം കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.