missile

ന്യൂഡൽഹി: കരാറിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ് 400 മിസൈലുകൾ കൈമാറുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി യൂറീ ബോറിസോവ് അറിയിച്ചു. അമേരിക്കൻ ഭീഷണി മറികടന്നാണ് കഴിഞ്ഞ ഒക്‌ടോബറിൽ റഷ്യയിൽ നിന്നും അ‌ഞ്ച് എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടത്. നേരത്തെ നിശ്ചയിച്ച പ്രകാരം 18 മുതൽ 19 മാസങ്ങൾക്കുള്ളിൽ തന്നെ മിസൈലുകൾ ഇന്ത്യയ്‌ക്ക് കൈമാറും.

ശത്രുവിമാനങ്ങളിൽ നിന്നും മിസൈലുകളിൽ നിന്നും ഇന്ത്യയെ ആകാശക്കോട്ട കെട്ടി സംരക്ഷിക്കാൻ കഴിയുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനം റഷ്യയിൽ നിന്നും വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാറൊപ്പിട്ടത്. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ ശക്തിപകരാനായി ഇവയെ പാക്, ചൈന അതിർത്തിയിൽ വിന്യസിക്കുമെന്നാണ് വിവരം. ഒക്‌ടോബർ ആദ്യവാരത്തിൽ ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദ്‌മിർ പുടിനാണ് 5.43 ബില്യൻ ഡോളറിന്റെ കരാറിൽ ഒപ്പിട്ടത്. മിസൈൽ സംവിധാനം ഇന്ത്യയിലെത്തുന്നതോടെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാകുമെന്ന് ഉറപ്പ്.

എസ് 400 മിസൈൽ

റഷ്യ വികസിപ്പിച്ച കരയിൽ നിന്നും തൊടുക്കാവുന്ന വ്യോമപ്രതിരോധ സംവിധാനം
2007 മുതൽ റഷ്യൻ സൈന്യം ഉപയോഗിക്കുന്ന മിസൈൽ 400 കിലോമീറ്റർ പരിധിയിലെ മൂന്ന് ഡസനോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാനാവും
സാധാരണ റഡാറുകൾക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത രഹസ്യവിമാനങ്ങളെപ്പോലും കണ്ടെത്തി വെടിവച്ചിടാൻ കഴിവുണ്ട്
അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും കവച്ച് വയ്‌ക്കുന്ന എസ് 400 ട്രയംഫ് മിസൈലുകൾ ലോകത്തിലെ മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന പേരിലാണ് അറിയപ്പെടുന്നത്