india-iran

ടെഹ്റാൻ : കാശ്മീരിന് ഭരണഘടനയിൽ അനുവദിച്ചിരുന്ന പ്രത്യേക പദവി നീക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ ലോക വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുവാൻ പാക് ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു. ബ്രിട്ടനിലുൾപ്പടെ പാക് വംശജൻ ഇന്ത്യൻ എംബസിക്കുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ഇറാനിലെ പാക് കോൺസുലേറ്റിന്റെ ഭിത്തിയിൽ ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾ പതിപ്പിച്ച് പാക് ഉദ്യോഗസ്ഥർ നേരിട്ട് പ്രതിഷേധിക്കുകയായിരുന്നു. നയതന്ത്ര മര്യാദകൾ ലംഘിച്ച നടപടി ശ്രദ്ധയിൽ പെട്ടതോടെ രായ്ക്കു രാമാനം ഇറാൻ പൊലീസ് ഈ പോസ്റ്ററുകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു.

ആഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്യ ദിനം കാശ്മീരികൾക്കായുള്ള ഐക്യദാർഢ്യ ദിനമായി കൊണ്ടാടണമെന്ന് പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇറാനിലെ വടക്കുകിഴക്കൻ നഗരമായ മഷാദിൽ സ്ഥിതിചെയ്യുന്ന പാക് കോൺസുലേറ്റിന്റെ ഭിത്തിയിൽ ഇന്ത്യവിരുദ്ധ പോസ്റ്ററുകൾ പതിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം ഇവിടത്തെ ലോക്കൽ പൊലീസെത്തി പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു. നയതന്ത്ര മര്യാദകൾ ലംഘിച്ച പാക് നടപടിയെ ശക്തമായി ഇറാൻ അപലപിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ മണ്ണിൽ മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധം അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

ആർട്ടിക്കിൾ 370 നീക്കം ചെയ്ത ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ യു.എൻ രക്ഷാസമിതിയെയാണ് പാകിസ്ഥാൻ ആദ്യം സമീപിച്ചത്. എന്നാൽ ചൈനയുടെ സഹായത്തോടെയുള്ള ഈ നീക്കം പൊളിഞ്ഞതോടെയാണ് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന പാക് വംശജരെ ഉൾപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചത്.