തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം ശശിതരൂർ എം.പി രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹതമെന്ന് മീഡിയ സെൽ കൺവീനർ അനിൽ ആന്റണി വ്യക്തമാക്കി. അതേസമയം, തരൂർ രാജിസന്നദ്ധത അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. സമയക്കുറവുള്ളതിനാലാണ് തരൂർ ഇക്കാര്യം അറിയിച്ചതെന്നും തൽക്കാലം ചെയർമാനായി തുടരുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
എന്നാൽ, സംസ്ഥാന കോർകമ്മിറ്റി അംഗങ്ങളുടെയും കോ ഓർഡിനേറ്റർമാരുടെയും യോഗത്തിലാണ് തരൂർ രാജി തീരുമാനം പ്രഖ്യാപിച്ചതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. രാജി തീരുമാനം വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റ് ആയതിനു ശേഷം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായാണ് ഡിജിറ്റൽ മീഡിയ സെൽ രൂപീകരിച്ചത്.
സെല്ലിന്റെ ചെയർമാൻ സ്ഥാനം തരൂരിനായിരുന്നു നൽകിയത്. കൺവീനറായി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചിരുന്നു. അതേസമയം, അനിൽ ആന്റണി തിരഞ്ഞെടുപ്പിന് ശേഷം പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന് തരൂർ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിൽ തരൂർ കോൺഗ്രസിലെ സംസ്ഥാന നേതാക്കളുടെ രൂക്ഷവിമർശനത്തിന് ഇരയായിരുന്നു.
അതേസമയം, മൃദുഹിന്ദുത്വ നയം കോൺഗ്രസ് തുടരുകയാണെങ്കിൽ പാർട്ടി വട്ടപ്പൂജ്യമാകുമെന്ന് തരൂർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ദി ഹിന്ദു വേ: ആൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദൂയിസം’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ വിമർശനമുന്നയിച്ചത്. ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഭൂരിപക്ഷ പ്രീണനമോ മൃദു ഹിന്ദുത്വമോ അല്ല. അത്തരം ശ്രമങ്ങൾ കോൺഗ്രസ് വട്ടപ്പൂജ്യമാകുന്നതിലേ അവസാനിക്കൂ. ഇന്ത്യയിൽ മതേതരത്വത്തിനായി പ്രതിരോധമുയർത്തുകയും അതിന് നേതൃത്വം നൽകുകയും ചെയ്യേണ്ട ബാദ്ധ്യത കോൺഗ്രസിനുണ്ടെന്ന് ഒരു പാർട്ടി അംഗമെന്ന നിലയിൽ ഞാൻ വിശ്വസിക്കുന്നു -തരൂർ പറഞ്ഞു.