car-sale

രാജ്യത്ത് യാത്രാവാഹനങ്ങളുടെ വിൽപ്പന 20 വർഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതായി റിപ്പോർട്ട്. 1997 -1998ന് ശേഷം പാസഞ്ചർ വാഹന വിപണിയിൽ ഇത്രയും കുറഞ്ഞ വിൽപ്പന നിരക്ക് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇതിന് പുറമെ ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതും വാഹന ലോകത്തെ കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ആഗസ്‌റ്റിലെ വാഹനവിൽപ്പന 31.57 ശതമാനമാണ് കുറഞ്ഞത്. 2018 ആഗസ്‌റ്റിൽ 2,87,198 യൂണിറ്റുകൾ വിറ്റഴിച്ചുവെങ്കിൽ ഇത്തവണ അത് 1,96,524ആയി കുറഞ്ഞു. എന്നാൽ പാസഞ്ചർ വാഹന വിപണിയാണ് ശരിക്കും തിരിച്ചടി നേരിട്ടത്. 2018ൽ 1,96,847 യൂണിറ്റുകൾ വിറ്റെങ്കിൽ ഇത്തവണ അത് 1,15,957 ആയി കുറഞ്ഞു, അതായത് 41.09 ശതമാനത്തിന്റെ കുറവ്. എന്നാൽ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ തുടർച്ചയായ മാസങ്ങളിൽ വർദ്ധന രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്.

അതേസമയം, വിൽപ്പന കുറഞ്ഞതോടെ മിക്ക കമ്പനികളിലും വാഹനങ്ങൾ കെട്ടിക്കിടന്ന് നശിക്കുകയാണെന്നാണ് റിപ്പോർട്ട്. ഹെവി വെഹിക്കിൾ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത്. നിരവധി ട്രക്കുകളും ബസുകളും തുരുമ്പെടുത്ത് നശിച്ചതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹെവി വെഹിക്കിൾ വിഭാഗത്തിലെ വിൽപ്പനയിൽ ഏതാണ്ട് 59 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വാഹന വിപണിയിലെ വിദഗ്‌‌ദ്ധർ പറയുന്നു.