sbi

മുംബയ് : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ വായ്പ പലിശ നിരക്ക് വീണ്ടും വെട്ടിക്കുറച്ചു. ഇതോടൊപ്പം നിക്ഷേപ പലിശയും ബാങ്ക് കുറച്ചിട്ടുണ്ട്. പലിശ നിരക്കിൽ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് 8.25 ശതമാനത്തിൽ നിന്നും 8.15 ശതമാനമായി കുറയും. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ഈ സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാം തവണയാണ് മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് പ്രകാരമുള്ള വായ്പാ പലിശനിരക്കിൽ കുറവുവരുത്തുന്നത്.

എഫ്.ഡി പലിശയും കുറയും

സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കും വായ്പ പലിശ നിരക്കിനൊപ്പം ബാങ്ക് കുറച്ചിട്ടുണ്ട്. അറുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്. ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇനി മുതൽ 6.50 ശതമാനം പലിശ മാത്രമേ ലഭിക്കുകയുള്ളു. മുൻപ് 6.70 വരെ പലിശ ലഭിക്കുമായിരുന്നു.