lander

ന്യൂഡൽഹി: ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറിലേക്ക് ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നിന്നുമുള്ള സിഗ്നലുകൾ എത്താത്തതിന്റെ കാരണം വിശദീകരിച്ച് ചന്ദ്രയാൻ ഒന്ന് ദൗത്യത്തിന്റെ പ്രൊജക്റ്റ് ഡയറക്ടർ. 2008ൽ നടന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിന്റെ പ്രൊജക്റ്റ് ഡയറക്ടറായിരുന്ന മൈൽസ്വാമി അണ്ണാദുരൈ ആണ് സിഗ്നലുകൾ വിക്രം ലാൻഡറിലേക്ക് എത്താത്തതിനുള്ള ശാസ്ത്ര വിശകലനം നൽകിയത്. ചന്ദ്രോപരിതലത്തിൽ ഉള്ള തടസങ്ങളാണ്‌ ലാൻഡറിലേക്ക് സിഗ്നലുകൾ എത്തുന്നതിന് തടസമായി നിൽക്കുന്നതെന്നാണ് അണ്ണാദുരൈ പറയുന്നത്.

'ഞങ്ങൾ ലാൻഡർ കണ്ടെത്തിയിട്ടുണ്ട്. ഇനി ലാൻഡറുമായി ആശയവിനിമയം നടത്തുകയാണ് വേണ്ടത്. ലാൻഡർ ഇറങ്ങിയ സ്ഥലം സോഫ്റ്റ് ലാൻഡിങ്ങിന് പറ്റിയതായിരുന്നില്ല എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ചന്ദ്രോപരിതലത്തിൽ തടസങ്ങൾ ഉണ്ടാകാം. അത് കാരണമാകാം സിഗ്നലുകൾ ലാൻഡറിലേക്ക് എത്താത്തത്. ഓർബിറ്ററും ലാൻഡറും തമ്മിൽ എപ്പോഴും ആശയവിനിമയം ഉണ്ട്.' അണ്ണാദുരൈ പറഞ്ഞു. ഇന്നലെ, വിക്രം ലാൻഡർ കണ്ടെത്തിയെന്നും അതിന്റെ ഇൻഫ്രാറെഡ് ചിത്രങ്ങൾ ഓർബിറ്റർ പകർത്തിയെന്നുമുള്ള വിവരം ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ സ്ഥിരീകരിച്ചിരുന്നു.