''അയ്യോ..." ചന്ദ്രകല അലറിക്കരഞ്ഞു.
പ്രജീഷ് വെട്ടിത്തിരിഞ്ഞ് താഴേക്കമർന്നു.
ആ ക്ഷണം വെടിയുണ്ട അയാൾക്കു പിന്നിലെ ഭിത്തിയിൽ ചെന്നു തറച്ചു. അവിടെ നിന്ന് കുറെ സിമന്റ് ഇളകി താഴെ വീണു.
ജനാലയുടെ ഉടഞ്ഞ ചില്ലും മുറിക്കുള്ളിലേക്കു വീണിരുന്നു.
''ആരാ അത്?"
ഗർജ്ജിച്ചുകൊണ്ട് പ്രജീഷ് ജനാലയ്ക്കലേക്കു കുതിച്ചു.
പുറത്ത് നേർത്ത നിലാവുണ്ട്.
ജനാലച്ചില്ല് ഉടഞ്ഞ ഭാഗത്തുകൂടി പ്രജീഷ് കണ്ടു, വെളുത്തുള്ളി തോട്ടത്തിലൂടെ പാഞ്ഞു പോകുന്ന ഒരാൾ!
പ്രജീഷ് തിരിഞ്ഞു ചന്ദ്രകലയെ നോക്കി.
ഞെട്ടലിൽ നിന്ന് അവൾ ഇതുവരെ മുക്തയായിട്ടില്ല.
കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുന്നതു പോലെ അവൾ നെഞ്ചു തടവുന്നുണ്ട്.
''കലേ..."
അയാൾ അവളുടെ തോളിൽ കൈവച്ചു.
''പ്രജീഷ്...." അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അയാളുടെ ശരീരത്തിലേക്കു ചാരി. ''എനിക്കു പേടിയാ. ആരോ നമുക്ക് പിന്നിലുണ്ട്. അവർ നമ്മളെ കൊല്ലും..."
പ്രജീഷ് അവളെ മെല്ലെ തഴുകി. അയാളുടെ മുഖം മുറുകി.
''പിന്നാലെ വരുന്നത് ആരായാലും അവർക്ക് മരണം സമ്മാനിച്ചിരിക്കും ഞാൻ."
അയാൾ മുറിയിലെ ലൈറ്റ് അണച്ചു.
''എനിക്കു തോന്നുന്നത് നമ്മുടെ പണം തട്ടിയെടുത്തവർ തന്നെയാവും വെടിവച്ചതും. ആ ബൈക്കിൽ വന്നവനെ നമ്മൾ രണ്ടുതവണ കണ്ടല്ലോ...."
അയാൾ ചന്ദ്രകലയുടെ കാതിൽ ശബ്ദം താഴ‌്‌ത്തി.
''ഈ പ്രദേശത്തെവിടെയോ ഉള്ളവൻ ആയിരിക്കും അയാൾ. നമ്മൾ ഇവിടെ താമസിച്ചാൽ അയാളെ കണ്ടെത്തും എന്ന ഭയം കാണും. അയാളുടെ സ്വൈരവിഹാരത്തിന് ഭംഗം സംഭവിക്കും.
''പ്രജീഷ് പറയുന്നത് സത്യമാണെന്ന് ചന്ദ്രകലയ്ക്കും തോന്നി.
അയാൾ തുടർന്നു:
''പക്ഷേ ഇനി ഒരു തവണ കൂടി അയാളിവിടെ വന്നാൽ... പിന്നെ രക്ഷപ്പെടില്ല."
ചന്ദ്രകല ഭീതിയോടെ പ്രജീഷിനെ അള്ളിപ്പിടിച്ചിരുന്നു.
*** **** *****
വടക്കേ കോവിലകം.
സുരേഷ് കിടാവും ഹേമലതയും കുഞ്ഞുങ്ങളും ഉറങ്ങാൻ കിടന്നിട്ട് അധികനേരം ആയില്ല.
കുട്ടികൾ പെട്ടെന്നുറങ്ങി.
''സുരേഷേ..." ഹേമലത വിളിച്ചു.
''മ്?"
ഇരുട്ടിൽ സുരേഷിന്റെ ശബ്ദം കേട്ടു.
''ഞാൻ രാവിലെ അടുക്കളയിൽ വച്ച് ഒരു കറുത്ത രൂപത്തെ കണ്ടെന്നു പറഞ്ഞത് നേരുതന്നെയാ. പിന്നെ അത് എങ്ങോട്ടു പോയെന്നു മാത്രം അറിയാത്തതുകൊണ്ടാ ഞാൻ പറഞ്ഞത് നിങ്ങളാരും വിശ്വസിക്കാത്തത്..."
''അക്കാര്യം നീ ഇതുവരെ വിട്ടില്ലേ?"
സുരേഷിനു ചിരി വന്നു.
''എങ്ങനെ വിടാനാ. അതിനെ നേരിൽ കണ്ടിരുന്നെങ്കിൽ സുരേഷിന്റെ മനസ്സിലും മായാതെ നിന്നേനെ..."
അതു വിട്. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടാകുകയാണെങ്കിൽ നമുക്ക് നോക്കാമെന്നേ..."
അയാൾ അത് പറഞ്ഞ നിമിഷം ഒരു പൊട്ടിച്ചിരി കേട്ടു:
''ങ്‌ഹേ... അതെവിടെനിന്നാ?" സുരേഷ് ചാടിയെഴുന്നേറ്റു.
നടുങ്ങിപ്പോയി ഹേമലതയും. ആ ചിരിയുടെ അലകൾ കോവിലകത്തിന്റെ ഭിത്തിയിൽ തട്ടി പ്രതിധ്വനിക്കുന്നു....
സുരേഷ് വേഗം മുറിയിലെ ലൈറ്റു തെളിച്ചു.
''ആ ചിരിച്ചത് കറുത്ത ആ രൂപം തന്നെയാകും. എനിക്കുറപ്പാ."
ഹേമലതയും എഴുന്നേറ്റിരുന്ന് കാതോർത്തു.
''എന്നാലും അത് ആരാണെന്നറിയണമല്ലോ..."
കിടക്കയ്ക്കടിയിൽ നിന്ന് സുരേഷ് ഒരു പിസ്റ്റൾ വലിച്ചെടുത്തു.
എന്നാൽ അയാൾ വാതിൽ തുറക്കാൻ ഭാവിച്ചതും ഹേമലത തടഞ്ഞു.
''വേണ്ട സുരേഷേ... എന്താണെന്നറിയാതെ തുറക്കണ്ടാ. ഒന്നാമത് പഴയ കോവിലകമാ ഇത്. ഇവിടെ എന്തൊക്കെയുണ്ടെന്ന് ആരറിഞ്ഞു?"
പെട്ടെന്ന് വാതിലിൽ ആരോ തട്ടി.
''ആരാ..." സുരേഷിനും പരിഭ്രമമായി."
''ഞാനാ സാറേ..."
ജോലിക്കാരി ഭാനുമതിയുടെ ശബ്ദം. സുരേഷ് വാതിൽ തുറന്നു.
മുന്നിൽ, ഭയന്നു വിളറിയ ഭാവത്തിൽ ഭാനുമതി.'
''എന്താ?"
പരിഭ്രമം മറച്ച് സുരേഷ് തിരക്കി.
''സാറൊരു ചിരി കേട്ടോ?"
''കേട്ടു. ആരായിരുന്നു അത്?"
''അറിയത്തില്ല സാറേ.... പക്ഷേ ഞാൻ കണ്ടു....
''ആരെ?" ചോദിച്ചത് ഹേമലതയാണ്. ഒപ്പം അവൾ ആകാംക്ഷയോടെ വാതിൽക്കൽ എത്തുകയും ചെയ്തു.
''കുറെ കറുത്ത പിശാചുക്കളെ..." ഭാനുമതി ശ്വാസം വലിച്ചുവിട്ടു.
''നിങ്ങളൊന്ന് വ്യക്തമായിട്ട് പറ." സുരേഷ് അസ്വസ്ഥനായി.
''ആരോ നടക്കുന്നതു കേട്ടാ സാറേ ഞാനുണർന്നത്.. നോക്കുമ്പോൾ അഞ്ചാറുപേര് നടുത്തളത്തിൽ..."
ഭാനുമതി പേടിയോടെ തിരിഞ്ഞുനോക്കി.
''ഞാൻ കണ്ടെന്നറിഞ്ഞതും ഒരാൾ പൊട്ടിച്ചിരിച്ചു. ഭയന്ന് ഞാൻ വാതിലടച്ചു... പിന്നെ നോക്കിയപ്പോൾ ആരുമില്ല...."
''എല്ലാത്തിനും വട്ടാ..."
സുരേഷ് പല്ലുകടിച്ചു.
''അല്ലെടാ..." പൊടുന്നനെ ഒലർച്ച....
(തുടരും)