ചെന്നൈ: മകളുടെ വിവാഹം ഏതൊരു അച്ഛന്റെയും സ്വപ്‌നമാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമക്ഷത്തിലും ആശീർവാദത്തിലും തന്റെ മകളെ ഉത്തമനായ ഒരു ജീവിത പങ്കാളിയുമായി ചേർത്തു വയ്‌ക്കുന്ന നിമിഷം പല പിതാക്കന്മാരും മനസിൽ സൂക്ഷിക്കാറുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശിയായ രാജശേഖരനും തന്റെ മകളുടെ വിവാഹത്തിന് അത്തരമൊരു തീരുമാനമെടുത്തിരുന്നു. ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചതിന്റെ കൂട്ടത്തിൽ ഒരാൾക്കു കൂടി അദ്ദേഹം ക്ഷണക്കത്ത് അയച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്.
ആഗ്രഹം കൊണ്ടുമാത്രം ചെയ്‌ത ആ കാര്യത്തിന് പ്രധാനമന്ത്രിയിൽ നിന്ന് മറുപടി ഒന്നും രാജശേഖരൻ പ്രതീക്ഷിച്ചില്ലെന്ന് മാത്രമല്ല കാര്യം മറക്കുകയും ചെയ്‌തു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മോദിയുടെ മറുപടി എത്തി. അത് ഇപ്രകാരമായിരുന്നു. . 'താങ്കളുടെ മകൾ ഡോ. രാജശ്രീയും ഡോ. സുദർശനും തമ്മിലുള്ള വിവാഹം നടക്കാൻ പോകുന്നതിൽ ഏറെ സന്തോഷമുണ്ട്. മഹത്തായ ഈ അവസരത്തിൽ എന്നെ ക്ഷണിച്ചതിലും വളരെയധികം സന്തോഷം. വധൂവരൻമാരുടെ ഭാവിജീവിതം എല്ലാവിധ മംഗളങ്ങളും നിറഞ്ഞതാകട്ടെ'- ഇതായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
മെഡിക്കൽ റിസർച്ചറും സൂപ്പർവൈസറുമായിരുന്ന രാജശേഖരൻ ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. സെപ്‌തംബർ 11നാണ് വിവാഹം. എന്തായാലും പ്രധാനമന്ത്രിയുടെ കത്ത് രാജശേഖരനിലും വീട്ടുകാരിലും സമ്മാനിച്ച ആഹ്ളാദം ചെറുതല്ല. പ്രധാനമന്ത്രിയുടെ മറുപടി കുറിപ്പ് ഫ്രെയിം ചെയ്ത് വീട്ടിൽ സൂക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങൾ.