motor-vehicle-new-rule

കൊച്ചി : റോഡിലെ ഗതാഗത നിയമ ലംഘനങ്ങൾക്കു കനത്ത പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയ ശേഷം ഇതുവരെ സംസ്ഥാന സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപ. നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ നാലുദിവസത്തെ കണക്കാണിത്, 1758 നിയമലംഘനങ്ങൾ കണ്ടെത്തിയാണ് പിഴ ചുമത്തിയത് . കനത്ത തുക പിഴയായി ലഭിച്ചതോടെ കൂടുതൽ പേരും കോടതിയിൽ നേരിട്ടെത്തി പിഴയടയ്ക്കാം എന്ന് അറിയിക്കുകയായിരുന്നു. ഇതു കൂടിയാകുമ്പോൾ പിഴ തുക ഇനിയും ഉയരും.

അതേ സമയം കനത്ത പിഴ വന്നതോടെ സംസ്ഥാനത്ത് റോഡുകളിലെ നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നതായി ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇരുചക്ര വാഹനങ്ങളോടിക്കുന്നവർ ഹെൽമറ്റ് വയ്ക്കുന്നതിലും, കാറിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റിടുന്നതിലും ഇപ്പോൾ കൂടുതൽ ജാഗ്രത കാണിക്കുന്നുണ്ട്. റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ പിടികൂടപ്പെടുന്ന കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ നഗര മേഖലയ്ക്കു പുറത്ത് ഗ്രാമീണ റോഡുകളിൽ പഴയ അവസ്ഥയാണ് ഇപ്പോഴുമെന്ന അഭിപ്രായത്തിലാണ് ഉദ്യോഗസ്ഥർ. ഇവിടെയും പരിശോധന കർശനമാക്കുന്നതോടെ നിയമലംഘനം കുറയുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ഒരു വർഷം നാലായിരത്തോളം പേരാണ് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നത്, പരിക്കേൽക്കുന്നവരുടെ എണ്ണം ഇതിന്റെ പത്തിരട്ടിയാണ്.

കേന്ദ്ര നിയമം മറികടക്കും വാഹനപ്പിഴ വെട്ടിക്കുറയ്ക്കും

കേന്ദ്ര ഗതാഗത നിയമത്തിന്റെ പേരിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ജനത്തെ കൊള്ളയടിക്കുന്ന പിഴയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കേന്ദ്ര നിയമത്തെതുടർന്ന് കൂടിയ പിഴ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിൽ നേരത്തെ ഇറക്കിയ വിജ്ഞാപനം തിരുത്താനാണ് സംസ്ഥാന സർക്കാർ നടപടി തുടങ്ങിയത്. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ്, നിയമ വകുപ്പനോട് ഉപദേശം തേടും. തുടർന്ന് വിജ്ഞാപനം തിരുത്തി പുറപ്പെടുവിക്കും. ഓണാവധി കഴിഞ്ഞയുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും. ഇതോടെ സംസ്ഥാനത്ത് കുറഞ്ഞ പിഴ മാത്രമേ വാഹന നിയമ ലംഘനങ്ങൾക്ക് ഈടാക്കൂ. എന്നാൽ, കേന്ദ്ര നിയമ ഭേദഗതി വരുന്നതിന് മുമ്പുള്ളതിനെക്കാൾ അൽപ്പംകൂടി ഉയർന്ന നിരക്കായിരിക്കും ഈടാക്കുക. എങ്കിലും വൻ കൊള്ള ഉണ്ടാവില്ല.

മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. മറ്രുചില സംസ്ഥാനങ്ങൾ നിയമം ധൃതിപിടിച്ച് നടപ്പാക്കാതിരിക്കുമ്പോൾ കേരളത്തിൽ ഉടൻ നടപ്പാക്കുന്നതിനെതിരെ ജനരോഷവും ഉയർന്നു. പാലാ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്തുന്നത്.