ഇടിമിന്നലായി ഒരു ഭീതി ഹേമലതയെ പൊതിഞ്ഞു.
തറയിൽ ഉറച്ചുപോയതുപോലെ അവൾ നിന്നു. ഒരിക്കൽകൂടി ആ കറുത്ത രൂപത്തെ തുറിച്ചുനോക്കി.
ശിരസ്സിനും ശരീരത്തിനും ഒരേ നിറമാണ്! കുറ്റി തലമുടിയാണെന്നു തോന്നി.
അവളുടെ തൊണ്ട വരണ്ടു. എങ്കിലും ഹേമലത വല്ല വിധേനയും അല്പം ധൈര്യം സംഭരിച്ചു.
''അ... ആരാ?"
സ്റ്റൂളിൽ ഇരുന്ന രൂപം മെല്ലെ തിരിഞ്ഞു.
കറുത്ത മുഖത്ത് കുഴിയിൽ എന്നവണ്ണം രണ്ട് കണ്ണുകളുടെ തിളക്കം.
ഹേമലതയുടെ നട്ടെല്ലിനുള്ളിൽ ഒരു പെരുപ്പ് പുളഞ്ഞു.
ആ രൂപത്തിന്റെ കയ്യിൽ ഒരു പാത്രം. അതിൽ ഭക്ഷണാവശിഷ്ടങ്ങൾ...
ഒരു നിമിഷം കൂടി അത് നോക്കിനിൽക്കാനുള്ള കരുത്തില്ലായിരുന്നു ഹേമലതയ്ക്ക്.
വല്ലാത്തൊരലർച്ചയോടെ അവൾ പിൻതിരിഞ്ഞോടി.
ആ ശബ്ദം കേട്ട് സുരേഷ് കിടാവ് ഞെട്ടിയുണർന്നു.
കിടക്കയിൽ നോക്കുമ്പോൾ ഹേമലതയില്ല. നിലവിളി കേട്ടത് അവളുടേതു തന്നെയെന്ന് അയാൾക്കു തോന്നി.
സുരേഷ് ചാടിയെഴുന്നേറ്റു.
ആ സെക്കന്റിൽത്തന്നെ ഉൽക്കയുടെ വേഗത്തിൽ ഹേമലത മുറിയിൽ പ്രവേശിച്ചു.
''സുരേഷേ..."
''എന്താടീ. നീ എന്തിനാ ഇങ്ങനെ അലറിപ്പാഞ്ഞു വന്നത്?"
കിതപ്പിനും പരിഭ്രമത്തിനും ഇടയിൽ ഹേമലതയ്ക്കു ശ്വാസം കിട്ടിയില്ല.
അവൾ പുറത്തേക്കു കൈ ചൂണ്ടി. സുരേഷ് വാതിൽക്കലേക്കു കുതിച്ചു.
''ആരാടീ?"
അവിടെ ആരെയും കാണാതെ വന്ന് ഭാര്യയ്ക്കു നേരെ തിരിഞ്ഞു.
''അടുക്കളയിൽ... ഒരു കരിപ്പിശാച്..." ഹേമലത ശ്വാസം വലിച്ചുവിട്ടു.
''കരിപ്പിശാചോ...!"
ഒന്നും മനസ്സിലാകാതെ സുരേഷ് കിടാവ് അവിടേക്കോടി.
എന്നാൽ ഹേമലത പറഞ്ഞ പ്രകാരം ഒന്നും കണ്ടില്ല.
അവിടെ നിന്നുകൊണ്ട് അയാൾ വിളിച്ചു.
''നീ ഇങ്ങോട്ടു വന്നേ ഹേമേ... ഇവിടെങ്ങും ആരുമില്ലല്ലോ..."
അർദ്ധശങ്കയോടെ ഹേമലത ചെന്നു.
പക്ഷേ അടുക്കള ശൂന്യം.
കറുത്ത രൂപമിരുന്ന സ്റ്റൂളിലും ആളില്ല. ആ രൂപം ഭക്ഷണം കഴിക്കുന്നതു കണ്ട പാത്രം പോലും അവിടെയില്ല.
സുരേഷിനു ദേഷ്യം വന്നു.
''വെറുതെ ഓരോന്നു ചിന്തിച്ചുകൂട്ടും. കോവിലകമായതുകൊണ്ട് തേങ്ങ കാണും മാങ്ങ കാണുമെന്നൊക്കെ..."
തന്റെ ഭാഗം ന്യായീകരിക്കുവാൻ തെളിവുകൾ ഒന്നുമില്ലായിരുന്നു ഹേമലതയ്ക്ക്.
''ആ അടുക്കള ജോലിക്കാരി എന്തിയേ?"
സുരേഷ് ചുറ്റും നോക്കി.
അപ്പോൾ പുറത്തുനിന്നുള്ള വാതിൽ വഴി ഭാനുമതി കയറിവന്നു. പുറത്തെ ബാത്ത്റൂമിൽ കുളിക്കുകയായിരുന്നു അവർ. കൈ മടക്കിൽ നനഞ്ഞ തോർത്തു കിടപ്പുണ്ട്.
അധികം ആരോഗ്യമില്ലാത്ത ഒരു അറുപതുകാരി.
''നിങ്ങൾ കുളിക്കാൻ പോകുമ്പോൾ ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോ?" സുരേഷ് ദേഷ്യത്തോടെ തിരക്കി.
''ഇല്ല സാർ.."
മറുപടി കേട്ട് പരിഹാസ ഭാവത്തിൽ സുരേഷ്, ഭാര്യയ്ക്കു നേരെ തിരിഞ്ഞു.
''ഇനി ഉണ്ടായിരുന്നെങ്കിൽത്തന്നെ വല്ല കുരങ്ങും ആയിരിക്കും. ഈ ഭാഗത്തൊക്കെ കുരങ്ങുകൾ ഉണ്ട്. നിന്റെ അലർച്ചകേട്ട് അത് ഭയന്നോടിക്കാണും."
എന്നാൽ ഹേമലത തർക്കിച്ചു.
''അതല്ല സുരേഷ്. ഞാൻ കണ്ടതാ. എനിക്കുറപ്പാ. അതൊരു മനുഷ്യരൂപം ആയിരുന്നു. ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാൻ കഴിയാത്ത രൂപം."
സുരേഷ് അതു ശ്രദ്ധിക്കാതെ തിരിഞ്ഞു നടന്നു. കൂട്ടത്തിൽ ഇത്രയും പറഞ്ഞു :
''ഇനി എവിടേക്കു പോയാലും ഫോൺ കയ്യിൽ വച്ചേക്കണം. എന്തെങ്കിലും കണ്ടാൽ ഉടൻ ഫോട്ടോയെടുത്ത് എന്നെ കാണിക്ക്. ഞാൻ വിശ്വസിക്കാം."
ഹേമലത ദീർഘമായി ഒന്നു നിശ്വസിക്കുക മാത്രം ചെയ്തു.
വൈകിട്ട് എം.എൽ.എ ശ്രീനിവാസ കിടാവും അനുജൻ ശേഖരകിടാവും കോവിലകത്തു വന്നു.
''എങ്ങനെയുണ്ട് ഇവിടുത്തെ ജീവിതം?" ചോദിച്ചത് ശേഖരകിടാവാണ്.
''ഒരു കുഴപ്പവുമില്ല ചിറ്റപ്പാ... പക്ഷേ ഇവിടെ ചില പ്രേതങ്ങൾ കറങ്ങിനടപ്പുണ്ട്. രാവിലെ ഹേമ അതിനെ കണ്ടു. അടുക്കളയിലിരുന്ന് ചപ്പാത്തിയും മുട്ടറോസ്റ്റും കഴിക്കുന്നത്."
സുരേഷിന്റെ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
താൻ കണ്ട സത്യം എങ്ങനെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തും എന്നറിയാതെ ഹേമലത മാത്രം മൗനം പാലിച്ചു.
** *
കരുളായി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബലഭദ്രൻ മടങ്ങിയെത്തി.
ആരോഗ്യം വീണ്ടുകിട്ടിത്തുടങ്ങിയിരുന്നു തമ്പുരാന്.
വീട്ടിലെത്തിയപ്പോൾ ചേട്ടത്തിയമ്മയുടെ നനഞ്ഞ കണ്ണുകളും മ്ളാനമായ മുഖവും അയാളെ അസ്വസ്ഥനാക്കി.
തന്റെയും ചേട്ടന്റെയും ജീവിതത്തെക്കുറിച്ച് അയാൾ ഓർത്തു.
നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ കിരാത മർദ്ദനമുറകളും.
സി.ഐ ഋഷികേശ് സസ്പെൻഷനിൽ ആണെങ്കിലും അയാളെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുമെന്ന് ബലഭദ്രൻ മനസ്സിൽ ഉറപ്പിച്ചിരിക്കുകയാണ്.
തന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു ബലഭദ്രൻ.
പുറത്ത് ആറ്റുചരലുകൾക്കു മീതെ ഒരു വാഹനം ബ്രേക്കിടുന്ന ശബ്ദം കേട്ടു. അല്പം കഴിഞ്ഞ് സുമംഗല മുറിയിലേക്കു വന്നു.
''ആരാടീ അത്?" ബലഭദ്രൻ ഭാര്യയ്ക്കു നേരെ തിരിഞ്ഞു.
''പഴയ സി.ഐയാ. അലിയാര്..." ബലഭദ്രന്റെ മുഖത്തൊരു തെളിച്ചമുണ്ടായി.
അയാൾ ലിവിംഗ് റൂമിലേക്കു ചെന്നു. അലിയാരെ സ്വീകരിച്ചിരുത്തി.
''ഞാൻ താങ്കൾക്കു ഫോൺ ചെയ്തത് പ്രധാന സഹായത്തിനു വേണ്ടിയാണ്."
''തമ്പുരാൻ പറയൂ..." അലിയാർ പുഞ്ചിരിച്ചു.
''എനിക്ക് രാമഭദ്രൻ ചേട്ടന്റെ മകൾ പാഞ്ചാലിക്ക് സംഭവിച്ചത് സത്യത്തിൽ എന്താണെന്നറിയണം. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിരിക്കണം."
രാജകൽപ്പന പോലെയായിരുന്നു അത്...
(തുടരും)