dali-woman

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വകുപ്പ് മേധാവി കാട്ടിയ ജാതി വിവേചനം മൂലം തന്റെ ഗവേഷണ പ്രബന്ധം സമർപ്പിക്കുന്നത് വൈകിയെന്ന ആരോപണവുമായി ഗവേഷണ വിദ്യാർത്ഥിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.ഫിൽ കഴിഞ്ഞ് പി.എച്ച്.ഡി ചെയ്യുന്ന ദളിത് വിദ്യാർത്ഥിനി സിന്ധുവിനാണ് വകുപ്പ് മേധാവിയിൽ നിന്നും അപമാനം നേരിട്ടത്. ഔദ്യോഗികമായ നടപടികൾ പൂർത്തീകരിച്ച ശേഷം ആഗസ്റ്റ് മുപ്പത്തിനാണ് 'മലയാള കേരള പഠനം' വിഭാഗത്തിൽ സിന്ധു പ്രബന്ധം അവതരിപ്പിച്ചത്.

സെപ്തംബർ ആറിനായിരുന്നു വകുപ്പ് മേധാവിയുടെ അംഗീകാരത്തോടെ സിന്ധുവിന് പ്രബന്ധം സമർപ്പിക്കേണ്ടിയിരുന്ന അവസാന തീയതി. എന്നാൽ മലയാള വിഭാഗം മേധാവിയായ ഡോ. എൻ. തോമസുകുട്ടി കാരണം വ്യക്തമാക്കാതെ തന്റെ തീസീസ് സമർപ്പണം വൈകിപ്പിക്കുകയായിരുന്നു എന്നാണ് സിന്ധു ആരോപിക്കുന്നത്. തനിക്ക് ശേഷം തീസീസ് സമർപ്പിച്ചവർക്ക് മിനിട്ടുകൾക്കുള്ളിൽ തോമസുകുട്ടി ഒപ്പിട്ടുനൽകിയെന്നും താൻ ദളിത് വിഭാഗത്തിൽ പെട്ട ആളായതിനാലാണ് തന്നോട് വിവേചനം കാട്ടിയതെന്നും സിന്ധു പറയുന്നു.

ഒപ്പിട്ടുനൽകാൻ വൈകിയതിന് കാരണം ചോദിച്ചപ്പോൾ നിയമപരമായ നടപടികൾക്ക് സമയം വേണം എന്നാണ് വകുപ്പ് മേധാവി ഉത്തരം നൽകിയത്. എന്നാൽ ആഗസ്റ്റ് 30ന് വകുപ്പ് മേധാവി ചെയർപേഴ്‌സൺ ആയ ഡോക്ടറൽ കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് കമ്മിറ്റിയുടെ ശുപാർശയോടെയാണ് താൻ മലയാള വിഭാഗത്തിൽ തീസീസ് സമർപ്പിച്ചതെന്ന് സിന്ധു ചൂണ്ടിക്കാട്ടി. തന്നെപ്പോലുള്ളവരെ കൂലിപ്പണി ചെയ്താണ് മാതാപിതാക്കൾ പഠിക്കാൻ അയയ്ക്കുന്നതെന്നും 'സിന്ധു പി. സിന്ധൂപ്' എന്ന ഫേസ്ബുക്ക് പ്രൊഫൈലിലിട്ട പോസ്റ്റിലൂടെ സിന്ധു പറയുന്നു.