masood
masood

ന്യൂഡൽഹി: ജയ്ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാൻ ജയിൽ മോചിതനാക്കിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇന്ത്യയിൽ പലഭാഗത്തും പാകിസ്ഥാൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇത് ഏകോപിപ്പിക്കാനാണ് മസൂദിനെ അതീവരഹസ്യമായി മോചിപ്പിച്ചതെന്നുമാണ് വിവരം. മുന്നറിയിപ്പിനെ തുടർന്ന് രാജ്യമെമ്പാടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

രാജസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വൻ തോതിൽ സൈന്യത്തെ വിന്യസിക്കുകയാണ്. ഇതിനു പിന്നാലെയാണ് മസൂദിനെ വിട്ടയച്ചിരിക്കുന്നത്. ജമ്മു-സിയാൽകോട്ട് അതിർത്തിയിലും പാകിസ്ഥാൻ അധിക സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.

പാകിസ്ഥാൻ ആക്രമണത്തിന് മുതിരാനോ ഭീകരരെ കടത്തി വിടാനോ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിൽ ജമ്മു കാശ്മീരിലെയും രാജസ്ഥാനിലെയും ബി.എസ്‍.എഫ്, കര, വ്യോമസേനാ ആസ്ഥാനങ്ങളും ബേസ് ക്യാമ്പുകളും അതീവ ജാഗ്രതയിലാണ്. ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതു മുതൽ തുടങ്ങിയതാണ് പാക് പ്രകോപനം. ഏത് ആക്രമണത്തെയും തകർക്കാൻ ഇന്ത്യ സർവസജ്ജമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സേനാമേധാവിമാരും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

മസൂദ് എന്നും തലവേദന

കഴിഞ്ഞ ജനുവരിയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണം, 2001ൽ പാർലമെന്റ് ആക്രമണം തുടങ്ങി ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് മസൂദ് അസ്ഹർ. ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മർദ്ദത്തെ തുടർന്നാണ് മസൂദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകര പട്ടികയിൽ ഇക്കഴിഞ്ഞ മേയ് 9ന് ഉൾപ്പെടുത്തിയത്.